
കോലഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ വി.ഐ.പി മണ്ഡലമാണ് കുന്നത്തുനാട്. മണ്ഡലത്തിലെ വിജയവിധി ആർക്കെന്നെഴുതുന്ന ട്വന്റി 20 പാർട്ടി എൻ.ഡി.എ ഘടകകക്ഷിയായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിനാണ് കുന്നത്തുനാട്ടിലേത്.
കുന്നത്തുനാട്ടിൽ പിറന്ന ട്വന്റി20 എൻ.ഡി.എയ്‌ക്ക് എം.എൽ.എയെ സമ്മാനിക്കുമോ എന്നതാണ് പ്രധാന രാഷ്ട്രീയ കൗതുകം. കോൺഗ്രസ് പാളയത്തിൽ നിന്ന് സി.പി.എം സഹയാത്രികനായി മാറിയ പി.വി. ശ്രീനിജിൻ എം.എൽ.എ വീണ്ടും മത്സരിക്കുമെന്ന് സൂചനയുണ്ട്. രണ്ട് ടേം മണ്ഡലത്തെ പ്രതിനിധീകരിച്ച വി.പി. സജീന്ദ്രനാകും യു.ഡി.എഫ് സ്ഥാനാർത്ഥി. മൂന്ന് പേരുടെ പട്ടിക ട്വന്റി20യുടെ സ്ഥാനാർത്ഥി നിർണയസമിതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. ആദ്യമേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കളം പിടിക്കുന്നതാണ് ട്വന്റി 20യുടെ രീതി.
കുന്നത്തുനാട് സംവരണ മണ്ഡലമായ ശേഷമുള്ള ആദ്യ രണ്ട് തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിലെ വി.പി. സജീന്ദ്രനായിരുന്നു വിജയം. കഴിഞ്ഞ തവണ സജീന്ദ്രനെ പി.വി. ശ്രീനിജിൻ അട്ടിമറിച്ചു. അന്ന് ട്വന്റി 20 പിടിച്ച 42,701 വോട്ടാണ് യു.ഡി.എഫിന് കുരുക്കായത്. 2,715 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശ്രീനിജിൻ വിജയിച്ചത്.
എൽ.ഡി.എഫ് ഗ്രാഫ് താഴ്ന്ന ലോക്സഭ
ലോക്‌സഭാ-ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ കുന്നത്തുനാട്ടിൽ എൽ.ഡി.എഫിന്റെ ഗ്രാഫ് താഴ്ന്നു. ലോക്‌സഭയിൽ യു.ഡി.എഫിന്റെ ബെന്നി ബഹനാൻ എം.പി കുന്നത്തുനാട്ടി നിന്ന് 52,523 വോട്ട് നേടിയപ്പോൾ, 46,163 വോട്ട് നേടി ട്വന്റി 20 രണ്ടാമത്തെത്തി. 39,089 വോട്ടുകൾ ലഭിച്ച എൽ.ഡി.എഫ് മൂന്നാമതുമായി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിലും എൽ.ഡി.എഫ് മൂന്നാമതാണ്. എന്നാൽ കിഴക്കമ്പലത്ത് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാക്കിയ എൽ.ഡി.എഫ് - യു.ഡി.എഫ് ഐക്യം നിയമസഭാ തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് അറിയേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |