വീടൊരുക്കിയത് കൊല്ലം ടി.കെ.എം എൻജി. കോളേജ് പൂർവവിദ്യാർത്ഥികൾ
കാസർകോട്: ഒരു സെന്റ് ഭൂമിയോ അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടോ ഇല്ലാതെ കഷ്ടപ്പെട്ട എൻഡോസൾഫാൻ ദുരിത ബാധിതനായ കാസർകോട് അണങ്കൂറിലെ ഗോപാലൻ - ശാരദ ദമ്പതികളുടെ മകൻ ഉദ്ദേശ് കുമാറിനും കുടുംബത്തിനും വീടൊരുങ്ങി. 'കേരള കൗമുദി"വാർത്തയെ തുടർന്ന് റവന്യു മന്ത്രി കെ. രാജൻ ഇടപെട്ട് അനുവദിക്കുകയും, 2023 ജനുവരി 31ന് അന്നത്തെ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പട്ടയം കൈമാറുകയും ചെയ്ത നെല്ലിക്കട്ട- പൈക്ക വില്ലേജിലെ ചെർളടുക്കത്തെ അഞ്ച് സെന്റ് ഭൂമിയിലാണ് വീട്.
ഉദ്ദേശ് കുമാറിന്റെ 32-ാം പിറന്നാൾ പിറ്റേന്നായ സെപ്തം. 10ന് താക്കോൽ കൈമാറും. കൊല്ലം ടി.കെ.എം എൻജിനിയറിംഗ് കോളേജിലെ 1983-88 സിവിൽ എൻജിനിയറിംഗ് ബാച്ചിന്റെ കൂട്ടായ്മയായ 'ടാസ്‌ക്" ചാരിറ്റബിൾ സൊസൈറ്റിയാണ് വീട് പണിതത്. ഓടക്കുഴൽ അവാർഡ് ജേതാവും 'എന്മകജെ"യുടെ കഥാകാരനുമായ ഡോ. അംബികസുതൻ മാങ്ങാടും എഴുത്തുകാരിയും റെയിൽവെ ഉദ്യോഗസ്ഥയുമായ ബിന്ദു മരങ്ങാടും റോയൽറ്റിയായി കിട്ടിയ ഓരോ ലക്ഷം രൂപവീതം നൽകി. 'കൂട് സ്വപ്നം കാണുന്ന കിളികൾ" എന്ന കഥാമാഹാരത്തിന് ലഭിച്ച റോയൽറ്റിയാണ് ബിന്ദു നൽകിയത്. രണ്ടു കിടപ്പുമുറിയും അടുക്കളയും ഹാളും വരാന്തയും അടങ്ങുന്ന വീട് 11.5 ലക്ഷം രൂപയ്‌ക്കാണ് നിർമ്മിച്ചത്.
സ്ഥലവും വീടും വന്ന വഴി
എല്ലുകൾ നുറുങ്ങി ശരീരം ചുരുണ്ട് ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ, വെള്ളം മാത്രം കുടിച്ച് 32 വർഷമായി ജീവിക്കുന്ന ഉദ്ദേശ് കുമാറിന്റെ ദുവസ്ഥ 2022 ജൂൺ ആറിനാണ് കേരള കൗമുദി പ്രസിദ്ധീകരിച്ചത്. മുത്തശ്ശിയുടെ വീട്ടിലാണ് താമസം. 2015ൽ ചീമേനി വില്ലേജിൽ മൂന്ന് സെന്റ് ഭൂമിയുടെ പട്ടയം അനുവദിച്ചിരുന്നു. മകനെയും കൊണ്ട് 60 കിലോമീറ്റർ അകലെയുള്ള ചീമേനിയിലേക്ക് പോകുന്നതിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഏഴ് കൊല്ലം മുമ്പ് നൽകിയ അപേക്ഷ കളക്ടറേറ്റിൽ അപ്രത്യക്ഷമായതും വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് റവന്യു മന്ത്രി മറ്റൊരിടത്ത് അഞ്ച് സെന്റ് ഭൂമി നൽകാൻ ഉത്തരവിട്ടത്.
കേരള കൗമുദി റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട ഡോ. അംബിക സുതൻ മാങ്ങാടാണ് ടാസ്‌ക് ഭാരവാഹികളെ അറിയിച്ചത്. ടാസ്‌ക് പ്രസിഡന്റ് യഹ്‌യ കൊല്ലം, ട്രഷറർ ബിന്ദു സുനിൽ എറണാകുളം, രാജഗോപാൽ കൊല്ലം, ടൈറ്റസ് എന്നിവർ കാസർകോടെത്തി. ടാസ്‌ക് പണിതുനൽകുന്ന രണ്ടാമത്തെ വീടാണിത്. ആദ്യവീട് കൊല്ലത്താണ്.
ഞങ്ങളുടെ ദുരിതം കേരള കൗമുദിയാണ് ലോകത്തെ അറിയിച്ചത്. സർക്കാർ അഞ്ച് സെന്റ് തന്നത് ആ വാർത്ത അറിഞ്ഞിട്ടാണ്. ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ പഠിച്ച മനസലിവുള്ളവർ വീടും പണിതുനൽകി. നന്ദിയുണ്ട് എല്ലാവരോടും.
-ശാരദ
ഉദ്ദേശ് കുമാറിന്റെ അമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |