മുഹമ്മ: നന്ത്യാർവട്ട പൂ ചിരിച്ചു, നാട്ടുമാവിന്റെ ചോട്ടിൽ എന്ന് എഴുതിയത് ഹരിപ്പാട്ടുകാരനായ
ശ്രീകുമാരൻതമ്പിയാണ്. എം.കെ അർജുനൻ ഈണമിട്ട് പൂന്തേനരുവി എന്ന സിനിമയ്ക്ക് വേണ്ടി
പി.ജയചന്ദ്രൻ പാടിയപ്പോൾ മലയാളികൾ ഒന്നടങ്കം അത് ഏറ്റുപാടി. അരനൂറ്റാണ്ട് കഴിഞ്ഞിട്ടും
നന്ത്യാർവട്ടത്തിന്റെ സുഗന്ധം മലയാളികളുടെ മനസിൽ നിന്നും മണ്ണിൽ നിന്നും ഇറങ്ങിപ്പോയില്ല എന്നതാണ് സത്യം. കേരളത്തിന്റെ തൊടിയിലാകെ അത് ഇപ്പോഴും പൂവിട്ട് നിൽപ്പുണ്ട്.
ഏത് കാലത്തും ഏത് മണ്ണിലും നിറയെ പൂവിടുന്ന ചെടിയാണ് നന്ത്യാർവട്ടം. കുഞ്ഞായി തുടങ്ങി പൂമരമാകുന്ന സുന്ദരി. കേരളമാകെ ഏറ്റവും കൂടുതൽ കാണുന്ന പൂച്ചെടിയും ഒരുപക്ഷെ നന്ത്യാർവട്ടമായിരിക്കും.എത്ര ഇറുത്തെടുത്താലും പിന്നെയും പൂക്കുലകളുമായി ചിരിച്ചുനിൽക്കും ഈ മനോഹരി. അതുകൊണ്ട് തന്നെ അമ്പലമുറ്റത്തും വീട്ടുമുറ്റത്തും വഴിയോരങ്ങളിലുമെല്ലാം നന്ത്യാർവട്ടത്തെ നട്ടുവളർത്താൻ എല്ലാവർക്കും വലിയ ഉത്സാഹമാണ്.
പ്രത്യേക പരിചരണവും ആവശ്യമില്ല. നട്ട് ഒരു വർഷം കഴിയുമ്പോൾ തന്നെ പൂത്തുതുടങ്ങും. പിന്നീട് വർഷങ്ങളോളം പൂവ് തരും. കമ്പ് ഓടിച്ച് കുത്തിയാണ് തൈ പിടിപ്പിക്കുന്നത്.
സൂര്യാസ്തമയത്തിൽ നറുമണത്തോടെ വിടരുന്ന നന്ത്യാർവട്ടത്തിന് സന്ധ്യയുടെ സുഗന്ധവും മനോഹാരിതയുമാണ്.
പൂജയ്ക്കെടുന്ന പൂവ്
കേരളത്തിൽ സാധാരണയായി കണ്ടുവരുന്നത് അഞ്ച് ഇതളുകളുള്ള പൂവോടുകൂടിയ നന്ത്യാർവട്ടമാണ്. തൂ വെള്ള നിറമാണ് പൂവിന്. നിർലോഭം ലഭിക്കുമെന്നതിനാൽ ക്ഷേത്രത്തിലും പൂജാമുറികളിലുമെല്ലാം നന്ത്യാർവട്ടത്തിന് വലിയ സ്വീകരണമാണ്. അങ്ങനെ,
ഭക്തരുടെ പൂക്കൂടയിലും പൂജാവിഗ്രഹത്തിലെ പൂമാലയിലും നന്ത്യാർവട്ടം ശാന്തിയുടെയും സമാധാനത്തിന്റെയും വെൺമ പരത്തുന്നു.
നന്ത്യാർവട്ടത്തിന് മണം മാത്രമല്ല, ഗുണവുമുണ്ട്. പല അസുഖങ്ങൾക്കുള്ള ഔഷധം കൂടിയാണിത്. ഇതിന്റെ കറയും ഇലയും പൂവും വേരും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. പൂവിൻനീര് നേത്രരോഗത്തിനും, വേരുംപട്ടയും ത്വക് രോഗം, ശരീര വേദന, പല്ല് വേദന എന്നിയ്‌ക്ക് ഔഷധമായി ഉപയോഗിച്ചുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |