തിരുവനന്തപുരം: പ്രിൻസിപ്പൽ നിയമനം നീളുന്നത് അഞ്ച് ഗവ. എൻജിനിയറിംഗ് കോളേജുകളുടെ അംഗീകാരത്തിന് ഭീഷണിയായി. തിരുവനന്തപുരം ബാർട്ടൺഹിൽ, കണ്ണൂർ, ഇടുക്കി, വയനാട്, പാലക്കാട് എൻജിനിയറിംഗ് കോളേജുകളിലാണ് പ്രതിസന്ധി. ബാർട്ടൺഹിൽ ഒഴികെ നാലിടത്തും രണ്ടുവർഷമായി പ്രിൻസിപ്പലില്ല. ബാർട്ടൺഹില്ലിൽ ഏപ്രിൽ 30 മുതലും.
ഉടനടി പ്രിൻസിപ്പലിനെ നിയമിച്ചില്ലെങ്കിൽ അംഗീകാരം പിൻവലിക്കുന്നതടക്കം നടപടികളുണ്ടാവുമെന്ന് അഖിലേന്ത്യാ സാങ്കേതിക കൗൺസിൽ (എ.ഐ.സി.ടി.ഇ) അറിയിച്ചു.
9 ഗവ. എൻജിനിയറിംഗ് കോളേജുകളാണുള്ളത്. ഇതിൽ കോഴിക്കോട്, തൃശൂർ, കോട്ടയം ആർ.ഐ.ടി, തിരുവനന്തപുരം സി.ഇ.ടി എന്നിവിടങ്ങളിലേ പ്രിൻസിപ്പൽമാരുള്ളൂ.
ഓപ്പൺ അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് പ്രിൻസിപ്പൽ നിയമനത്തിന് സെലക്ട് ലിസ്റ്റുണ്ടാക്കുന്നത്. 15 വർഷത്തെ അദ്ധ്യാപന പരിചയമുള്ള പ്രൊഫസർമാരാവണം. യു.ജി.സി/എ.ഐ.സി.ടി.ഇ/ എസ്.സി.ഐ അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 8 ലേഖനം പ്രസിദ്ധീകരിച്ചിരിക്കണം, രണ്ട് പേർക്കെങ്കിലും പിഎച്ച്. ഡി ഗൈഡായിട്ടുണ്ടാവണം എന്നിവയും നിയമനത്തിന് പരിഗണിക്കും.
കഴിഞ്ഞ ഒക്ടോബറിൽ 17പേരെ അഭിമുഖം നടത്തി 7 പേരുടെ സെലക്ട് ലിസ്റ്റുണ്ടാക്കിയതാണ്. എന്നാൽ നിയമനത്തിനെതിരെ ചിലർ അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ നേടി. സ്റ്റേ നീണ്ടതോടെ സെലക്ട് ലിസ്റ്റിലുണ്ടായിരുന്ന യോഗ്യരായ ചില അദ്ധ്യാപകർ വിരമിച്ചു. മിക്കയിടത്തും ജൂനിയറായ അദ്ധ്യാപകർക്ക് ചുമതല നൽകിയിരിക്കുകയാണ്.
നിശ്ചിത യോഗ്യതകളില്ലാതെ പ്രിൻസിപ്പൽമാരായ 18 പേരെ 2021ൽ തരംതാഴ്‌ത്തിയിരുന്നു. 2023ൽ എ.ഐ.സി.ടി.ഇ ചട്ടങ്ങൾ പാലിച്ചുമാത്രമേ നിയമനം നടത്താനാവൂ എന്നാക്കി.
അക്രഡിറ്രേഷനെ ബാധിക്കും
പ്രിൻസിപ്പൽമാരില്ലാത്തത് കോളേജുകളുടെ അക്രഡിറ്രേഷനെ ബാധിക്കും. അങ്ങനെ വന്നാൽ വിദ്യാർത്ഥികളുടെ പ്ളേസ്‌മെന്റിനെയും പ്രതികൂലമായി ബാധിക്കും
അഞ്ചിടത്തുമായി 8100 വിദ്യാർത്ഥികളുണ്ട്. കണ്ണൂരിൽ 1400, പാലക്കാട്ട് 2000, ബാർട്ടൺഹില്ലിൽ 2000, ഇടുക്കിയിൽ 1500, വയനാട്ടിൽ 1200 വീതം
എം.ടെക്, എം.ബി.എ, എം.സി.എ, ആർക്കിടെക്ചർ കോഴ്സുകളും ഈ കോളേജുകളിലുണ്ട്. സെമസ്റ്ററിന് 8000 രൂപ നിരക്കിൽ ഗവ.കോളേജുകളിൽ പഠിക്കാം
പ്രിൻസിപ്പൽ നിയമനത്തിനുള്ള സെലക്ട് ലിസ്റ്റുണ്ട്. ട്രൈബ്യൂണൽ ഉത്തരവ് വന്നാലുടൻ നിയമനം നടത്താനാവും
-ഡോ.പി.ജയപ്രകാശ്
സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |