തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ബി.എസ്സി മാത്തമാറ്റിക്സ് ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ എവിടെയാണെന്ന് വ്യക്തതയില്ലാത്തതിനാൽ ഫലപ്രഖ്യാപനം വൈകുന്നു.
ഫലം പ്രസിദ്ധീകരിക്കാത്തത് ഉത്തരക്കടലാസുകൾ കാണാതായത് കൊണ്ടാണെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ഫലമാണ് വൈകുന്നത്. മറ്റു കോളേജുകളിലെയും ജൂനിയർ വിദ്യാർത്ഥികളുടെയും ഫലം പ്രസിദ്ധീകരിച്ചിട്ടും 2019-22 ബാച്ചുകാരുടെ ഫലം മാത്രം വൈകുകയാണ്. സർവകലാശാലയിൽ പരാതി നൽകിയിട്ടും സ്വീകരിച്ചില്ലെന്നും കാത്തിരിക്കാനാണ് ഉപദേശമെന്നും വിദ്യാർത്ഥികൾ പറയുന്നു.
ഉത്തരക്കടലാസുകൾ കാണാതായിട്ടില്ലെന്നും ആരുടെ കൈവശമാണെന്ന് അറിയില്ലെന്നുമാണ് സർവകലാശാലയുടെ വിശദീകരണം. മൂല്യനിർണയം നടത്തി പേപ്പറുകൾ ഇതുവരെ തിരികെ കിട്ടിയിട്ടില്ല. മൂല്യനിർണയത്തിന് പേപ്പറുകൾ ആർക്കാണ് നൽകിയതെന്ന് കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അവധി ദിവസമായ ഇന്നും ഇത് കണ്ടെത്താനുള്ള പരിശോധനയുണ്ടാവുമെന്നും അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |