കൊല്ലം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അന്തർ സംസ്ഥാന ബസുകളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 205 പവനും കേരളത്തിൽ വില്പനാനുമതിയില്ലാത്ത 11ലിറ്റർ മദ്യവും പിടിച്ചെടുത്തു. ഇന്നലെ രാവിലെ കാവനാട് കപ്പിത്താൻ ജംഗ്ഷനിലായിരുന്നു പരിശോധന. ടൂറിസ്റ്റ് ബസ് യാത്രക്കാരനായ തൃശൂർ സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ആഭരണങ്ങൾ ജി.എസ്.ടി വകുപ്പിന് കൈമാറി. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഉടമയ്ക്ക് പിഴ ചുമത്തിയ ശേഷം വിട്ടുനൽകും. മറ്റൊരു ബസിലെ യാത്രക്കാരനായ കണ്ണൂർ മുഴുക്കുന്ന് കുണ്ടോളി വീട്ടിൽ അഭിഷേകിന്റെ ബാഗിൽ നിന്നും 11 ലിറ്റർ മദ്യം പിടികൂടി. അഭിഷേകിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ ആർ.രജിത്ത്, പ്രിവന്റീവ് ഓഫീസർ എസ്.ആർ.ഷെറിൻ രാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) സതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, ശ്യം കുമാർ, ഗോകുൽ, ഷെഫീഖ്, ട്രീസ, ഡ്രൈവർ വിശ്വനാഥൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |