
പിഎം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് തന്ത്രപരമായ തീരുമാനമാണെന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ വിശദീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ശിവൻ കുട്ടിയെ ലക്ഷണമൊത്ത സംഘിക്കുട്ടിയെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പത്രസമ്മേളനം കണ്ടപ്പോൾ ഒരു കാര്യം മനസിലായി,
അയാൾ ശിവൻ കുട്ടിയല്ല, ലക്ഷണമൊത്ത
സംഘിക്കുട്ടിയാണ്…
നേമത്ത് ബിജെപി എംഎൽഎ തോറ്റെന്ന് ആരാണ് പറഞ്ഞത്?
ശ്രീ.പി.എം എംഎൽഎ സംഘിക്കുട്ടി…
കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത് മറികടക്കാനുള്ള തന്ത്രപരമായ ശ്രമമാണെന്നാണ് പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നതിനെ മന്ത്രി വിശദീകരിച്ചത്. സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയാനാകില്ല. ഫണ്ടില്ലായ്‌മ സംസ്ഥാനത്ത് വിദ്യാഭ്യാസ അലവൻസിനെയടക്കം ബാധിച്ചു. പിഎംശ്രീ പദ്ധതിയിൽ ചേരാത്തതിനാൽ സർവ ശിക്ഷാ ഫണ്ട് കേന്ദ്രം തടഞ്ഞു. 1158.13 കോടി രൂപ ഇതുകാരണം നഷ്‌ടമായി. പിഎം ശ്രീ പദ്ധതിയിൽ ചേർന്നതിനാൽ ഇനി 1476 കോടി രൂപ ലഭിക്കും. കുട്ടികളുടെ ഭാവി പന്താടി ഒരു സമ്മർദ്ദത്തിനും വഴങ്ങാനില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഫണ്ട് തടഞ്ഞതുകാരണം സൗജന്യ യൂണിഫോം, അലവൻസ് എന്നിവയെ ബാധിച്ചു. പിഎം ശ്രീ പദ്ധതി ഫണ്ട് ഒരു രാഷ്‌ട്രീയ പാർട്ടിയുടെയുമല്ല. നമുക്കവകാശപ്പെട്ടതാണ്. പദ്ധതി കാരണം ഒരു സ്‌കൂളും ലയിപ്പിക്കില്ല, ഒരു സ്‌കൂളും പൂട്ടില്ല. പാഠപുസ്‌തകങ്ങളും മാറില്ല. ആർഎസ്‌എസ് നയത്തിനെതിരായ പോരാട്ടം തുടരും. കാലഘട്ടത്തിനനുസരിച്ച് നയം മാറണമെന്നും എൻഇപിയുടെ പേരിൽ എതിർക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |