അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനം ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറങ്ങിയത്. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും പിന്നീട് പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ എൻജിനിയർമാരടക്കം വിമാനത്തിൽ പരിശോധന നടത്തി. ബ്രിട്ടീഷ് വ്യോമസേനയുടെ മൂന്ന് എൻജിനിയർമാരും ഒരു പൈലറ്റുമടങ്ങിയ സംഘവും എത്തിയിരുന്നു. കേരള തീരത്തുനിന്ന് നൂറു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് എന്ന പടക്കപ്പലിൽ നിന്ന് ബ്രിട്ടീഷ് വ്യോമസേനയുടെ എഫ്-35 തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പറന്നെത്തിയത്. വിമാനത്തിന്റെ സാങ്കേതിക ക്ഷമയും പ്രത്യേകതകളും ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്താനാണ് ഈ വരവെന്നും അഭ്യൂഹങ്ങളുണ്ട്. ഇപ്പോൾ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുകയാണ്. ഇതോടെ സോഷ്യൽ മീഡിയയിലും നിരവധി ചർച്ചകളും നടക്കുകയാണ്.
ഇപ്പോഴിതാ തിരുവനന്തപുരം വിമാനത്താവളത്തിലിട്ടിരിക്കുന്ന ബ്രിട്ടന്റെ ഫൈറ്റർ ജെറ്റ് ഒഎൽഎക്സിൽ വിൽപനയ്ക്ക് ഇട്ടിട്ടുണ്ടെന്ന അവകാശവാദവുമായി ചില പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. എന്നാൽ ഇത് വ്യാജ പോസ്റ്റാണെന്ന് ഒരു മാദ്ധ്യമം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഈ പോസ്റ്റ് ചെയ്ത വ്യക്തിയുടെ പേര് പരിഹാസ രൂപേണ 'ഡൊണാൾഡ് ട്രെംപൻ' എന്നാണ് ചേർത്തിരിക്കുന്നത്. യഥാർത്ഥ ഒഎൽഎക്സ് പോസ്റ്റിന്റെ രീതിയല്ല ഇതിന്. ഒഎൽഎക്സ് സൈറ്റ് പരിശോധിച്ചെങ്കിലും ഇത്തരമൊരു പരസ്യം ലഭ്യമായില്ല. മത്രമല്ല, വിൽപനയ്ക്ക് വച്ചിരിക്കുന്ന പോസ്റ്റിൽ യുഎസ് ഡോളറിലാണ് വിലയിട്ടിരിക്കുന്നത്. പോസ്റ്റ് ആരോ കൃത്രിമമായി നിർമ്മിച്ചതാണെന്ന് ഇതോടെ വ്യക്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |