
ചങ്ങനാശേരി: സമുദായങ്ങൾ തമ്മിൽ ഐക്യം വേണമെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് യോജിക്കുന്നെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എൻഎസ്എസുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് വെള്ളാപ്പള്ളി നടേശനും എസ്എൻഡിപിയും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
21ാം തീയതി യോഗം കൂടി തീരുമാനിക്കുമെന്ന അർത്ഥത്തിലാണ് ഞങ്ങൾ സംസാരിച്ചത്. ഇന്നും ആ രീതിയിൽ തന്നെയാണ് സംസാരിച്ച് കേട്ടത്. എൻഎസ്എസിനും അതിന് താൽപര്യമുണ്ട്. കാരണം അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കുന്നു. എൻഎസ്എസും നേതൃത്വവുമായി ആലോചിച്ച് അനുകൂലമായ തീരുമാനമെടുക്കുമെന്നത് തന്നെയാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സമുദായങ്ങൾ തമ്മിലുള്ള ഐക്യം വ്യക്തിപരമായും സംഘടനാപരവുമായി ആവശ്യമാണെന്ന് എനിക്ക് തോന്നുന്നുണ്ട്. എൻഎസ്എസ് ഐക്യത്തിന് പോകുന്നത് സംഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടാണ്. ഒരു സമുദായമായിട്ടോ മതവുമായിട്ടോ വിരോധങ്ങളുള്ള തലത്തിൽ പെരുമാറുന്നതിനോ ഒന്നും ഞങ്ങൾ വഴിവയ്ക്കുകയില്ല. അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തിക്കൊണ്ട്, എല്ലാവരുമായി യോജിച്ച് ഹൈന്ദവ സംഘടനയിലെ പ്രബല സമുദായങ്ങളായ എസ്എൻഡിപിയും എൻഎസ്എസും തമ്മിൽ ഒന്നിക്കുന്നതിൽ എന്താ തെറ്റ്?'- സുകുമാരൻ നായർ ചോദിച്ചു.
'സംവരണ പ്രശ്നമുണ്ടായപ്പോൾ അകന്നുനിന്നു. ഇന്നത് വിഷയമല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു. ആ സാഹചര്യത്തിൽ രണ്ട് പേരും യോജിച്ചുപോകേണ്ടവരാണ്. എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയപാർട്ടികളോടും ഒരേ സമീപനം. അതാണ് അടിസ്ഥാനമൂല്യങ്ങളിൽ പ്രധാനം. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരത്തിലാണ്. സമൂഹിക പ്രശ്നങ്ങൾ എവിടെ നിന്നുണ്ടായാലും അതിനെ വിമർശിക്കുന്ന സാഹചര്യം നിലനിർത്തിക്കൊണ്ടാണ് എൻഎസ്എസ് ഇങ്ങനെ ഒരു ഐക്യം ആഗ്രഹിക്കുന്നത്'- സുകുമാരൻ നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |