
സന്നിധാനം: ശബരിമലയില്‍ ഭക്തര്‍ക്കുള്ള ദര്‍ശനം ജനുവരി 19 രാത്രി 10 ന് അവസാനിക്കും. ജനുവരി 19 വൈകിട്ട് അഞ്ചു വരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തി വിടും. രാവിലെ കുറഞ്ഞ ദ്രവ്യങ്ങളാലാണ് അഭിഷേകം. നെയ്യഭിഷേകം ജനുവരി 18 വരെയാണ്. ഹരിവരാസനം ചൊല്ലി നട അടച്ച ശേഷം മണിമണ്ഡപത്തിന് മുന്നില്‍ രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ ഗുരുതി ആരംഭിക്കും.
ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദര്‍ശനം. ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.
താക്കോല്‍ക്കൂട്ടം രാജപ്രതിനിധിക്ക് മേല്‍ശാന്തി കൈമാറും. പതിനെട്ടാം പടിയിറങ്ങി ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെയും മേല്‍ശാന്തിയുടെയും സാന്നിദ്ധ്യത്തില്‍ താക്കോല്‍ക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്ക് രാജപ്രതിനിധി കൈമാറും. മാസപൂജചെലവിനായി പണക്കിഴി നല്‍കി പന്തളം കൊട്ടാരത്തിലേക്ക് മടങ്ങും.
ശബരിമല ദര്‍ശനത്തിനായുള്ള സ്പോട്ട് ബുക്കിംഗ് കൗണ്ടറുകള്‍ അയ്യപ്പഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്ന ജനുവരി 19 വരെ പ്രവര്‍ത്തിക്കും. പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിംഗ് സൗകര്യം. വെര്‍ച്വല്‍ ക്യൂ ബുക്കിംഗും ജനുവരി 19 വരെയുണ്ട്. ജനുവരി 19ന് വെര്‍ച്വല്‍ ക്യൂ വഴി 30,000 പേരെയും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തിവിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |