വെഞ്ഞാറമൂട്: അദ്ധ്യാപികയാകാൻ കൊതിച്ച ഫർസാനയുടെ വേർപാടിൽ വിതുമ്പി മുക്കൂന്നൂർ ഗ്രാമം. സുനിൽ അൽത്താഫ്-ഷീബ ദമ്പതികളുടെ മകളായ ഫർസാനയെ തിങ്കളാഴ്‌ച വൈകിട്ടാണ് സുഹൃത്ത് അഫ്ഫാൻ ക്രൂരമായി കൊലപ്പെടുത്തിയത്.
വലിയ കട്ടയ്‌ക്കാലിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തുന്ന സുനിലിന് മകളെന്ന് പറഞ്ഞാൽ ജീവനാണ്. മരണവിവരമറിഞ്ഞ് നിരവധി തവണ ബോധരഹിതനായ സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പഠനത്തിൽ മിടുക്കിയായ ഫർസാന എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. ബി.എസ്‌സി കെമിസ്ട്രിയിലും മികച്ച വിജയം ആവർത്തിച്ചു. കൊല്ലം അഞ്ചൽ സെന്റ് ജോസഫ് കോളേജിലെ എം.എസ്‌സി കെമിസ്ട്രി വിദ്യാർത്ഥിയാണ്.
കോളേജ് കഴിഞ്ഞെത്തിയ ശേഷവും അവധി ദിവസങ്ങളിലും അയൽവീട്ടിലെ കുട്ടികൾക്ക് ട്യൂഷനെടുക്കാൻ അവൾക്ക് ഇഷ്ടമായിരുന്നു. വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അനുജൻ അമലിനും കൂട്ടുകാർക്കും പരീക്ഷയുടെ ഭാഗമായി സ്‌പെഷ്യൽ ക്ലാസെടുക്കുന്നതും ഫർസാനയായിരുന്നു. സൗഹൃദം പങ്കുവച്ചും പുഞ്ചിരിച്ചുമുള്ള അവളുടെ ഇടപെടൽ വേദനയോടെ ഓർത്തെടുക്കുകയാണ് അയൽവാസികൾ. മൃതദേഹം ഇന്നലെ വൈകിട്ട് നാലോടെ വീട്ടിലെത്തിച്ചപ്പോൾ അദ്ധ്യാപകരും സഹപാഠികളും വിതുമ്പി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |