ബാലരാമപുരം: ബാലരാമപുരത്ത് തലയൽ വി.എസ് ഭവനിൽ പരേതനായ ശശിധരൻനായരുടേയും അംബികയുടേയും മകൻ അനിൽകുമാർ(49) മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചാണെന്ന സംശയം ബലപ്പെട്ടതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ തുടങ്ങി. വെരിക്കോസ് വെയിൻ രോഗത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പനി ബാധിച്ചത്. രോഗം മൂർച്ഛിച്ചതോടെ വിവിധ ആശുപത്രികളിലും പിന്നീട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. തലയൽ ദേവി വിലാസം സ്കൂളിലെ ജീവനക്കാരനും തലയൽ കരയോഗം മുൻ സെക്രട്ടറിയും നിലവിൽ ഭരണസമിതിയംഗവുമാണ്.
തലയൽ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് യൂണിയൻ ചെയർമാൻ ഹരിഹരന്റെ അദ്ധ്യക്ഷതയിൽ അനുശോചനയോഗം ചേർന്നു. എം.വിൻസെന്റ് എം.എൽ.എ, വിവിധ രാഷ്ട്രീയകക്ഷി, സമുദായ പ്രതിനിധികളുൾപ്പെടെ പങ്കെടുത്തു.
കിണറിലെ സാമ്പിൾ ഫലം നെഗറ്റീവ് –ഭയം വേണ്ടെന്ന് ആരോഗ്യവകുപ്പ്
മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്നറിഞ്ഞതോടെ അനിൽകുമാറിന്റെ വീട്ടിലെ കിണറ്റിൽ നിന്നുള്ള വെള്ളം പരിശോധനയ്ക്കയച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. പരിസരത്തെ അമ്പതോളം വീടുകളിൽ ബാലരാമപുരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പ്രതിരോധ നടപടികൾ ആരംഭിച്ചു. പ്രദേശത്ത് പനിബാധിച്ച് ചികിത്സ തേടിയവരുടെ കണക്കുകൾ ശേഖരിച്ചു. വീടുകളിലെല്ലാം ക്ലോറിനേഷൻ നടത്തി. മാലിന്യം അടിയുന്ന നീരുറവകളിൽ കുളിക്കരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
മെഡിക്കൽ ഓഫീസർ ആർ.എം ബിജു, ഹെൽത്ത് ഇൻസ്പെക്ടർ ശശിദാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഭിലാഷ്, ബിജു, സജിൻ, ആശാവർക്കർമാർ, എൻ.ആർ.എച്ച്.എം ജീവനക്കാർ തുടങ്ങിയവർ പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായി. പ്രതിരോധപ്രവർത്തനങ്ങൾ വിവിധ വാർഡുകളിൽ വ്യാപിപ്പിക്കുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |