
കോഴിക്കോട്: യാത്രക്കാരുടെ വലിയൊരു പ്രശ്നത്തിന് പരിഹാരവുമായി കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ. പരീക്ഷയ്‌ക്കോ ഇന്റർവ്യൂനോ ഒക്കെ കോഴിക്കോടെത്തുന്നവർക്ക് ഇനി ഓട്ടോയോ ബസോ കാത്തിരുന്ന് ബുദ്ധിമുട്ടുകയോ, ഓട്ടോക്കാർ അമിത ചാർജ് വാങ്ങിയെന്ന് പറഞ്ഞ് തർക്കിക്കുകയോ ചെയ്യേണ്ട കാര്യമില്ല. റെന്റ് എ ബൈക്ക് സേവനമാണ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.
റെയിൽവേ സ്‌റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്‌ഫോമിലാണ് ടൂവീലറുകൾ പാർക്ക് ചെയ്യുക. ഇതിനുസമീപമായി ഓഫീസും സജ്ജമാക്കിയിട്ടുണ്ട്. ചാർജിംഗ് സ്റ്റേഷനും ഉണ്ട്. ആധാറിന്റെ ഒറിജിനലും രണ്ട് വർഷം മുൻപെടുത്ത ഡ്രൈവിംഗ് ലൈസൻസിന്റെ ഒറിജിനലും കാണിച്ചാൽ ബൈക്ക് റെന്റിനെടുക്കാം. 1000 രൂപ സെക്യൂരിറ്റിയായി നൽകണം. വാഹനം തിരിച്ചുകൊടുക്കുമ്പോൾ ഈ പണം തിരികെ കിട്ടും.
ഫുൾ ചാർജോടെയായിരിക്കും ബൈക്ക് നൽകുക. യാത്രയ്ക്കിടെ ചാർജ് തീർന്നാൽ വഴിയിലെവിടെയെങ്കിലുംവച്ച് ചാർജ് ചെയ്യേണ്ടിവരും. അതിന്റെ ചെലവ് വാടകയ്‌ക്കെടുത്തയാൾ വഹിക്കണം. ബൈക്കിന് മണിക്കൂറിന് അമ്പത് രൂപയാണ് വാടകയായി ഈടാക്കുക. ഒരു ദിവസത്തേക്ക് 750 രൂപയും 12 മണിക്കൂറിന് 500 രൂപയുമാണ് ചാർജ്. വണ്ടിയുമായി പോകുമ്പോൾ എന്തെങ്കിലും നിയമലംഘനം നടത്തിയാൽ വാടകയ്‌ക്കെടുത്തയാൾക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് തുക ക്ലെയിം ചെയ്ത് ലഭിക്കുന്നതുവരെയുള്ള ദിവസ വാടക കൊടുക്കേണ്ടിവരും.
ഒരു ഹെൽമറ്റ് വണ്ടിയ്‌ക്കൊപ്പം നൽകും. രണ്ടാമതൊന്ന് ആവശ്യമുണ്ടെങ്കിൽ 50 രൂപ നൽകേണ്ടിവരും. 24 മണിക്കൂർ വാടകയ്‌ക്കെടുക്കുന്നവർക്ക് ചാർജ് കൂടി നൽകും. എത്ര ദിവസം വേണമെങ്കിലും വാടകയ്‌ക്കെടുക്കാം. ആദ്യഘട്ടത്തിൽ എട്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് എത്തിച്ചത്. പെരിന്തൽമണ്ണ എഫ് ജെ ബിസിനസ് ആൻഡ് ഇനവേഷൻസാണ് ഈ സ്ഥാപനം നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |