
കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നവരാണ് രക്ഷിതാക്കള്‍. സ്വന്തം കുട്ടിക്ക് സുഖമില്ലാത്ത അവസ്ഥ വന്നാല്‍ ആശുപത്രിയില്‍ കൊണ്ട് പോയി ഡോക്ടറെ കാണിച്ച് ചികിത്സയും മരുന്നും നല്‍കുന്നതിന് പുറമേ രക്ഷിതാക്കള്‍ സ്വയം ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുമുണ്ട്. എന്നാല്‍ ഇതില്‍ പലതും തെറ്റായ കാര്യങ്ങളും അനാവശ്യമായി ഒഴിവാക്കുന്നവയും ഉള്‍പ്പെടുന്നുണ്ടന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികള്‍ക്ക് പനി വന്നാല്‍ ചികിത്സ നല്‍കുന്നതിന് പുറമേ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കുട്ടികള്‍ക്ക് പനിയുണ്ടെങ്കില്‍ കേരളത്തിലെ രക്ഷിതാക്കള്‍ ആദ്യം ചെയ്യുന്നത് ഫാനും എസിയും പ്രവര്‍ത്തിപ്പിക്കുന്നത് നിര്‍ത്തുകയെന്നതാണ്. എന്നാല്‍ ഉടനടി ഇവ ഓഫ് ചെയ്യുകയല്ല വേണ്ടത്. മുറിയിലെ താപനില പരിശോധിക്കുകയാണ് വെണ്ടത്. ചൂട് കാലാവസ്ഥയാണെങ്കില്‍ ഫാനിന്റെ സ്പീഡ് ഒരു രണ്ടില്‍ സെറ്റ് ചെയ്യുകയും എ.സിയാണെങ്കില്‍ 26 മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ളതില്‍ സെറ്റ് ചെയ്യുകയുമാണ് വേണ്ടത്.
ഫാന്‍ ആണ് മുറിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതെങ്കില്‍ കുട്ടികളെ ഒരിക്കലും അതിന് നേരെ താഴെ കിടത്താതിരിക്കുക. എന്നാല്‍ തണുപ്പുള്ള അന്തരീക്ഷമാണെങ്കില്‍ ഫാനിന്റെയോ എ.സിയുടേയോ ആവശ്യമില്ല. കുട്ടികളെ അവര്‍ക്ക് കംഫര്‍ട്ടബിളായ കാലാവസ്ഥയില്‍ കിടത്തുക എന്നതാണ് പ്രധാനം. കുട്ടികള്‍ പനിയുള്ള സമയത്ത് അധികം ഭക്ഷണം കഴിക്കുന്നില്ലെന്ന് കരുതി ഒരിക്കലും അവരെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കരുത്. പനിയുള്ള സമയത്ത് കുട്ടികളുടെ ശരീരം ഏറ്റവും കുറച്ച് മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.
വിശപ്പില്ലാത്ത കുട്ടിക്ക് നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കൊടുക്കുന്നത് കുട്ടിക്ക് ഛര്‍ദ്ദി പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. അതുപോലെ തന്നെ അവര്‍ക്ക് പകരമായി ധാരാളം വെള്ളം കുടിക്കാന്‍ നല്‍കണം. പച്ചവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ കൊടുക്കുന്നത് കൊണ്ട് കുഴപ്പമില്ലെങ്കിലും ഉപ്പിട്ട് കഞ്ഞിവെള്ളം നല്‍കുന്നത് നല്ലതാണ്. ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളമോ അല്ലെങ്കില്‍ കരിക്കിന്‍വെള്ളമോ നല്‍കുന്നതും നല്ലതാണ്.
നന്നായി പനിക്കുന്ന സമയത്ത് തുണി നനച്ച് നെറ്റിയില്‍ ഇടുന്നതിന് പകരം ഇളം ചൂട് വെള്ളത്തില്‍ തുണി മുക്കിയെടുത്ത ശേഷം ശരീരം നന്നായി തുടച്ച് കൊടുക്കുന്നതാണ് നല്ലത്. പനിയുള്ള സമയത്ത് കുട്ടികള്‍ക്ക് ഒരിക്കലും കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ നല്‍കരുത്. ഇത് കാരണം ശരീരത്തിലെ ചൂട് പുറത്തേക്ക് പോകാതെ കെട്ടിനില്‍ക്കുന്നതിന് കാരണമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |