കൊച്ചി: മുങ്ങിയ കപ്പലിൽ നിന്ന് കടലിൽ പടരുന്ന എണ്ണ തെക്കൻ കേരളത്തിലെ മത്സ്യ ഉപഭോഗത്തെ ബാധിച്ചേക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുക്കളായ മലയാളികൾ കടൽമത്സ്യം വേണ്ടെന്ന് വച്ചാൽ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾ വറുതിയിലാകും. ദിവസങ്ങൾക്കുള്ളിൽ ട്രോളിംഗ് നിരോധനം പ്രാബല്യത്തിൽ വരുന്നതിനാൽ പരമ്പരാഗത വള്ളങ്ങൾ മാത്രമാണ് കടലിൽ പോവുക.
കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.ഐ) ഇന്നലെ കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് കടൽവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. തുടർ ദിവസങ്ങളിലും ഈ പ്രക്രിയ തുടരും. സ്വന്തമായി ഗവേഷണ കപ്പലുള്ള സ്ഥാപനമാണ് സി.എം.എഫ്.ആർ.ഐ. മത്സ്യസാമ്പിളുകളും ഈ മേഖലയിൽ നിന്ന് വരും ദിനങ്ങളിൽ ഇവർ ശേഖരിച്ച് പരിശോധിക്കും.
കൊല്ലം തീരത്തുനിന്ന് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും ഫിഷറീസ് വകുപ്പും ഇന്നലെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഉടനെ മത്സ്യസാമ്പിളുകളും ശേഖരിക്കും. കൊച്ചിയിലെ ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) കൊച്ചി തീരക്കടലിലെ മത്സ്യങ്ങളുടെ അവസ്ഥ പഠിക്കാൻ നടപടികൾ തുടങ്ങുമെന്ന് വൈസ് ചാൻസലർ ഡോ.ടി. പ്രദീപ് കുമാർ പറഞ്ഞു.
ട്രോളിംഗ് നിരോധനം സംബന്ധിച്ച് നാളെ ഫിഷറീസ് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിലും ഇക്കാര്യം ചർച്ചാവിഷയമായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |