തിരുവനന്തപുരം: രാവിലെ ഏഴേമുക്കാലോടെ കേരളകൗമുദി ഫ്ലാഷ് ഓഫീസിലെത്തുമ്പോൾ രണ്ടുപേരെങ്കിലും പി.ഹരിഹരനെ കാണാൻ റിസപ്ഷനിലുണ്ടാകും. ദുരൂഹ മരണമോ കൊലപാതക അന്വേഷണത്തിലെ പൊലീസ് വീഴ്ചയോ ഒക്കെയായിരിക്കും വിഷയം. ഫ്ളാഷിന്റെ തിരക്ക് കഴിഞ്ഞ് അവരോട് വിശദാംശങ്ങൾ ചോദിച്ചറിഞ്ഞ് പൊലീസുകാരുമായി സംസാരിച്ച് അടുത്തദിവസം ഫ്ളാഷിൽ വിശദ റിപ്പോർട്ട് ഉണ്ടാകും...
രണ്ടുദിവസം കഴിഞ്ഞ് ഓഫീസിലേക്ക് അവരുടെ വിളിയെത്തും.. 'ഹരിഹരൻസാർ, പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്, ഞങ്ങൾക്ക് നീതികിട്ടുമെന്ന് ഉറപ്പായി..' അതായിരുന്നു കേരളകൗമുദിയിൽ സഹപ്രവർത്തകനായിരുന്ന, ഞങ്ങളെ വിട്ടുപിരിഞ്ഞ ഹരിഹരൻ. അത്രയേറെ അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾക്ക് മൂർച്ചയുണ്ടായിരുന്നു. ഔദ്യോഗിക സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുമ്പോഴും അധികാരികളോട് വിട്ടുവീഴ്ചകാണിച്ചിരുന്നില്ല. തെറ്റുകണ്ടാൽ പൊളിച്ചെഴുതും. അതിന് നടപടിയുമുണ്ടാകും. അങ്ങനെ ഫ്ലാഷിൽ എത്രയെത്ര ഇംപാക്ട് റിപ്പോർട്ടുകൾ. സെൻസേഷണലായ പല കൊലപാതക കേസുകളിലും ഫ്ലാഷിലെയും കേരളകൗമുദിയിലെയും ഹരിഹരന്റെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പിന്നീട് പൊലീസ് തന്നെ ശരിവച്ചിട്ടുണ്ട്.
വാർത്തകളിലെ മൂർച്ചയേറിയ വാക്കുകൾപോലെ എന്തിനെയും കൂസാത്തഭാവം. എത്ര വലിയസംഭവം ഉണ്ടായാലും വരട്ടെ നോക്കാം എന്നായിരിക്കും മറുപടി.
പൊലീസ് സ്റ്റേഷനുകളുമായി അടുത്ത ബന്ധം. മെഡിക്കൽ കോളേജ് ആശുപത്രി ബീറ്റുകൂടി ഉണ്ടായിരുന്നതിനാൽ ഡോക്ടർമാരുമായും നല്ല സൗഹൃദം. ഓഫീസിൽ ആർക്ക് ആശുപത്രിക്കേസ് വന്നാലും അവർക്കൊപ്പം ഹരിഹരൻ മെഡിക്കൽ കോളേജിൽ എത്തിയിരിക്കും.
സഹപ്രവർത്തകരോടെല്ലാം എപ്പോഴും സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. ആർക്കെങ്കിലും ഒരാവശ്യംവന്നാൽ ഹരിയേട്ടനെ തേടിയാകും ആദ്യമെത്തുക. സ്വന്തംകാര്യംപോലെ അത് മുന്നിൽ നിന്ന് ശരിയാക്കും. അതിനായി ഏത് ഉന്നതരെയും അർദ്ധരാത്രിയിൽപോലും വിളിക്കും. വാർത്തയെഴുത്തിൽ എന്നപോലെ ജീവിതത്തിലും അടുക്കും ചിട്ടയുമുണ്ടായിരുന്നു. ദുശ്ശീലങ്ങൾ ഏതുമില്ലാത്ത പ്രകൃതം. സഹപ്രവർത്തകരെ ഒരു ജ്യേഷ്ഠന്റെ കരുതലോടെ ഉപദേശിക്കും.
എപ്പോഴും സഹപ്രവർത്തകർക്ക് താങ്ങുംതണലുമായിരുന്നു. വിരമിച്ചിട്ട് വർഷം ചിലതായെങ്കിലും ഹരിഹരന്റെ വേർപാട് അറിഞ്ഞപ്പോൾ എല്ലാവരും തേങ്ങിപ്പോയതും അതിനാൽതന്നെ. ഇന്നലെ ഉച്ചമുതൽ ഓഫീസിലുള്ളവരുടെ ഫോണിലേക്ക് നിലയ്ക്കാത്ത വിളികളായിരുന്നു. അതിൽ ഓട്ടോറിക്ഷക്കാർ മുതൽ പൊലീസ് ഉദ്യോഗസ്ഥർവരെയുള്ളവരുണ്ട്.
ഓഫീസിലെ തിരക്കുകൾക്കിടയിലും സായാഹ്നക്ലാസിൽ ചേർന്ന് എൽ എൽ.ബി പാസായി. വിരമിച്ചശേഷം അഡ്വക്കേറ്റ് ഗൗൺ അണിഞ്ഞു. അവിടെയും ആത്മാർത്ഥതയുടെ പര്യായമായി. അതിനിടെ ആം ആദ്മിയിലൂടെ രാഷ്ട്രീയ പ്രവർത്തനവും. ഈ തിരക്കുകളെല്ലാം ഒന്നിച്ചെങ്ങനെ പോകുമെന്ന് ചോദിക്കുമ്പോഴൊക്കെ പുഞ്ചിരിയാകും മറുപടി. വിശ്രമിക്കാൻ ഇഷ്ടമില്ലാത്ത പ്രകൃതം. ആരോടും യാത്രപറയാതെ അദ്ദേഹം പെട്ടെന്നങ്ങ് പോയി... ഇനി ആ ഓർമ്മകൾ മാത്രം ഞങ്ങൾക്ക് കൂട്ട്. വിട, പ്രിയ ഹരിഹരന്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |