മാണ്ഡി: മൺസൂൺ മഴക്കെടുതിയിൽ ഹിമാചൽ പ്രദേശിലെ മണ്ഡി വിറങ്ങലിച്ചു നിൽക്കുകയാണ്. ജൂൺ 20 മുതലുളള കണക്കുകൾ പ്രകാരം മരണസംഖ്യ 78 ആയി ഉയർന്നു. സംസ്ഥാനത്ത് 23 മിന്നൽ പ്രളയങ്ങളും 19 മേഘവിസ്ഫോടനങ്ങളും 16 മണ്ണിടിച്ചിലുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ഫലമായി 541 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ദുരന്തത്തിൽ 78 പേർക്ക് ജീവൻ നഷ്ടമായി. 37 പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. 115ഓളം പേർക്ക് പരിക്കേറ്റു.
രണ്ട് ദേശീയ പാതകൾ ഉൾപ്പെടെ 243 റോഡുകൾ അടച്ചു. 278 വൈദ്യുതി ട്രാൻസ്ഫോർമറുകൾ സ്തംഭിച്ചു. ഇത് ആയിരക്കണക്കിന് വീടുകളെ ബാധിച്ചു. ശക്തമായ വെള്ളപ്പൊക്കം കാരണം 261 ജലപാതകളും അടച്ചു. മാണ്ഡി ജില്ലയിലെ തുനാഗിലുള്ള ഹിമാചൽ സഹകരണ ബാങ്കിന് സാരമായ കേടുപാടുകൾ ഉണ്ടായി. ബാങ്കിന്റെ ഒന്നാം നിലയിൽ വെള്ളവും അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കപ്പെടാതിരിക്കാൻ സ്ഥലത്തെ വ്യാപാരികൾ ബാങ്കിന് കാവൽ നിൽക്കേണ്ട ഗതികേടിലാണ്.
ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ ഉൾപ്പെടെ കോടിക്കണക്കിന് രൂപയുടെ നാഷനഷ്ടങ്ങളാണ് ബാങ്കിനുണ്ടായതെന്ന് കണക്കാക്കപ്പെടുന്നു. ദുരന്തബാധിതർക്ക് സർക്കാർ പ്രതിമാസം 5,000 രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്നും നാളെയും ഹിമാചൽ പ്രദേശിൽ ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ ഉത്തരാഖണ്ഡിലെ നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി എന്നീ ജില്ലകൾക്കാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. റോഡുകളിൽ മണ്ണിടിച്ചിൽ സാദ്ധ്യതയുള്ളതിനാൽ ജെസിബി, പോക്ക്‌ലാൻഡ് മെഷീനുകൾ ഉൾപ്പെടെയുള്ള അവശ്യ ഉപകരണങ്ങൾ മേഖലയിൽ വിന്യസിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |