
തിരുവനന്തപുരം: കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിൽ പണം വാങ്ങിയിട്ടും ഭക്ഷണം നൽകിയില്ലെന്ന് പരാതിയുമായി യാത്രക്കാർ. ഇന്നലെ രാത്രി എറണാകുളത്ത് നിന്ന് കയറിയ യാത്രക്കാരാണ് ഭക്ഷണം നൽകിയില്ലെന്ന് പരാതിപ്പെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്‌തപ്പോൾ ഭക്ഷണത്തിനുള്ള പണവും ഈടാക്കിയിരുന്നെന്ന് യാത്രക്കാർ പറഞ്ഞു. ട്രെയിനിൽ കയറിയ ശേഷം ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ എത്തിക്കാമെന്നായിരുന്നു ആദ്യം പറഞ്ഞത്. ഏറെ സമയം കഴിഞ്ഞും ഭക്ഷണം കിട്ടാതെ വന്നതോടെ തർക്കമായെന്നും യാത്രക്കാർ പറഞ്ഞു.
എന്നാൽ, കറന്റ് ബുക്കിംഗ് നടത്തുന്നവർക്ക് 'റെഡി ടു ഈറ്റ് ' ഭക്ഷണമാണ് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വന്ദേഭാരതിൽ ഭക്ഷണം തയ്യാറാക്കുന്നില്ല. നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് ഭക്ഷണം പുറമേ നിന്ന് തയ്യാറാക്കി എത്തിക്കുകയാണ് ചെയ്യുന്നത്. അവസാന നിമിഷം കറന്റ് ബുക്കിംഗ് ടിക്കറ്റ് എടുക്കുന്നവർക്ക് പെട്ടെന്ന് തയ്യാറാക്കി കഴിക്കാൻ കഴിയുന്ന ഭക്ഷണമാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു. ഇന്നലെ കറന്റ് ബുക്കിംഗ് ടിക്കറ്റ് എടുത്തവർ മറ്റു യാത്രക്കാർക്ക് നൽകുന്ന ഭക്ഷണം തന്നെ വേണമെന്ന് പറഞ്ഞതാണ് തർക്കത്തിനിടയാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |