
കൊല്ലം: പണിയെടുക്കാൻ വയ്യ, എന്നാലോ മൂന്നുനേരം മൃഷ്ടാന്നം കഴിക്കുകയും വേണം. അതിനായി യുവാവ് കണ്ടെത്തിയ വഴി സിനിമാക്കഥയെ വെല്ലും,. കൊല്ലത്താണ് സംഭവം. ജോലിക്ക് പോകാതെ കൃത്യസമയത്ത് ജയിലിലെ സ്വാദിഷ്ഠമായ ഭക്ഷണം കഴിക്കാനായി പൊലീസിന്റെ ടോൾഫ്രീ നമ്പരിൽ വിളിച്ച് കളക്ടറേറ്റ് സമുച്ചയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നാണ് പ്രമോദ് എന്നയാൾ ചെയ്തത്. ബോംബ് 50 മിനിട്ടിനുളളിൽ പൊട്ടുമെന്നായിരുന്നു ഭീഷണി സന്ദേശം എത്തിയത്. സ്വന്തം മൊബൈൽനമ്പരിൽ നിന്ന് വിളിച്ചതു കൊണ്ട് പൊലീസിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ലൊക്കേഷൻ കണ്ടുപിടിച്ച് പൊലീസ് നേരെ പ്രതിയുടെ വീട്ടിലെത്തി. അവിടെ ചെന്നപ്പോഴോ അറസ്റ്റിന് തയ്യാറായി പൊലീസിന്റെ വരവ് പ്രതീക്ഷിച്ച് നിൽക്കുന്ന പ്രമോദിനെയാണ് അവർക്ക് കാണാൻ കഴിഞ്ഞത്.
കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന സംശയത്തിൽ ബോംബ് സ്ക്വാഡ് ഉൾപ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ പണിയെടുക്കാതെ ജയിലിൽ നല്ല ഭക്ഷണം കഴിച്ച് കഴിയാനായിരുന്നു വ്യാജ ബോംബ് ഭീഷണി മുഴക്കിയതെന്ന് ഇയാൾ വെളിപ്പെടുത്തിയെങ്കിലും പൊലീസ് ആദ്യം ഇത് വിശ്വസിച്ചില്ല.. തീവ്രവാദ ബന്ധം വരെ സംശയിച്ച് പൊലീസ് ചോദ്യം ചെയ്തു. ഒടുവിൽ പ്രാദേശികമായി നടത്തിയ അന്വേഷണത്തിൽ സംഗതികൾ ബോദ്ധ്യപ്പെട്ടതോടെ മറുപണി പൊലീസും നൽകി. ജയിലിൽ പോകാൻ തയ്യാറായി നിന്ന് പ്രമോദിന് സ്റ്റേഷൻ ജാമ്യം നൽകി പൊലീസ് വിട്ടയക്കുകയായിരുന്നു.
ജോലിക്ക് പോകാൻ ഇഷ്ടമല്ലാത്ത പ്രമോദ് നേരത്തെ ഒരു അടിപിടിക്കേസിൽ 15 ദിവസം ജയിലിലായപ്പോഴാണ് അവിടുത്തെ ഭക്ഷണത്തിന്റെ രുചി പിടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |