SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.34 PM IST

മാലാഖക്കുഞ്ഞിന് യാത്രാമൊഴിയേകാൻ കേരളം; ആലിൻ ഷെറിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, അന്തിമോപചാരമർപ്പിക്കാൻ ജനപ്രവാഹം

Increase Font Size Decrease Font Size Print Page
aalin-sherin

പത്തനംതിട്ട: കാറപകടത്തിൽ മസ്‌തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ എബ്രഹാം നാല് കുഞ്ഞുങ്ങൾക്ക് പുതുജീവൻ സമ്മാനിച്ചാണ് യാത്രയാകുന്നത്. മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി ചാപ്പലിൽ ഇന്ന് രാവിലെ ഏഴോടെ പ്രാർത്ഥനാ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം എട്ടുമണിയോടെ ആലിനെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിനുള്ളിലെ പ്രാര്‍ത്ഥനാ ചടങ്ങിനുശേഷമാണ് പൊതുദര്‍ശനം ആരംഭിച്ചത്. വീട്ടിൽ നൂറുകണക്കിനുപേരാണ് ആലിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്.

കുഞ്ഞുആലിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ കണ്ണീരടക്കനാകാതെ നാട്ടുകാരും ബന്ധുക്കളും വീട്ടുകാരും വിതുമ്പുന്ന കാഴ്ചയായിരുന്നു കണ്ടത്. ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കും. മൂന്നുമണിയോടെ വിലാപയാത്രയായി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോകും. നാലുമണിയോടെ പള്ളിയിലെ പ്രർത്ഥനകൾക്കുശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും. മന്ത്രിമാരടക്കം നിരവധി ആളുകൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കും.

ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് നടന്ന കാറപകടത്തെത്തുടർന്നാണ് കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഹൃദയവാൽവും കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്. അപകടത്തിൽ പരിക്കേറ്റ കുഞ്ഞിന്റെ മാതാവ് ഷെറിൻ കഴിഞ്ഞ ദിവസം വീട്ടിലെത്തി. പിതാവ് അരുണാണ് അവയവദാനത്തെക്കുറിച്ച് ആദ്യം ചിന്തിക്കുന്നത്. ഷെറിനോട് പറഞ്ഞപ്പോൾ നിറഞ്ഞ മനസോടെ സമ്മതിച്ചെന്നും തുടർന്ന് സർക്കാർ സംവിധാനമായ കെ- സോട്ടോ വഴി അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചെന്നും അരുൺ പറഞ്ഞു. ഇന്ന് ലോകം മുഴുവൻ ഞങ്ങളോടൊപ്പം ആലിൻ മോളെ സ്നേഹിക്കുന്നെന്ന് അരുൺ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.

TAGS: AALIN SHERIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY