
പ്രസവത്തെക്കുറിച്ച് നടത്തിയ തന്റെ പരാമർശം വിവാദമായതോടെ വിശദീകരണവുമായി സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. പ്രസവം എന്നത് ഒരു കാലത്ത് സ്ത്രീകൾ വളരെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്നാണ് അഭിമുഖത്തിൽ പറഞ്ഞത്. ഇതാണ് വിവാദമായത്.
നോർത്ത് ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിലെ സ്ത്രീകൾക്ക് അറിയുക പോലുമില്ല എന്ന വിഷയത്തിൽ തമാശ രൂപേണ പറഞ്ഞ ഒരു കാര്യത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്ന വിവരമില്ലായ്‌മക്ക് എന്താ പറയുക, വിമർശനം തെറ്റുകൾ തിരുത്താൻ ഉള്ളതാവാണം അല്ലാതെ വിഡ്ഢിത്തരങ്ങൾ വിളമ്പൽ ആവരുതെന്നും അഖിൽ മാരാർ ഫേസ്‌ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
പറയുന്നത് ഉൾകൊള്ളാൻ ബോധമില്ലാത്ത കുറെയെണ്ണത്തെ പഠിപ്പിച്ചു മനസിലാക്കുക എന്ന ഉത്തരവാദിത്തം കൂടി ചെയ്യേണ്ട ബാധ്യതയാണ്. പ്രസവം എന്നാൽ ഒരു കുഞ്ഞിന് ജന്മം നൽകുന്ന മഹത്തായ ഉദാത്തമായ ഒരു ക്രിയയാണ്.. അത് എൻജോയ് ചെയ്യണമെങ്കിൽ താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന ചിന്തയും അതിലൂടെ അവൾക്ക് ലഭിക്കുന്ന ആത്മ നിർവൃതിയും ഒരു സ്ത്രീക്ക് ഉണ്ടാവണം.
അങ്ങനെ അത്തരം ഒരു മഹത്വം ആണ് എന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് എന്ന ചിന്ത. ഗർഭ കാലത്തെ ആസ്വദിച്ചു മുന്നോട്ട് കൊണ്ട് പോകാൻ ഒരു സ്ത്രീക്ക് കഴിയുന്നത് ഈ മഹത്വത്തിന്റെ മൂല്യം അല്ലെങ്കിൽ മാതൃത്വത്തിന്റെ മഹത്വം അവൾ അറിയുന്നത് കൊണ്ടാണ്.
മറിച്ചു വയറ്റിൽ വളരുന്ന കുഞ്ഞ് എന്റെ ജീവിതം തകർത്തു. എന്റെ സൗന്ദര്യം തകർത്തു. ഇനി ഈ നാശത്തെ പ്രസവിച്ചാൽ എന്താകും എന്റെ ജീവിതം എന്ന ചിന്തയുമായി ജീവിക്കുന്ന സ്ത്രീ രൂപങ്ങളുമായി ജീവിക്കുന്ന നികൃഷ്ട ജന്മങ്ങളെയും പുരോഗമനത്തിന്റെ പേരിൽ കുടുംബം എന്ന മൂല്യം ഇല്ലാതാക്കാൻ നടക്കുന്ന ജനങ്ങളെയും ഞാൻ മനുഷ്യ ഗണത്തിൽ പോലും കൂട്ടുന്നില്ല.
ഇവരൊക്കെ ചേർന്ന് ചെയ്ത ഒരു ഗുണം എന്നത് അമ്മയാകാൻ ഇന്ന് പല പെൺകുട്ടികൾക്ക് താല്പര്യമില്ല. എന്ത് കൊണ്ടാണ് ഈ ചിന്ത പുതുതലമുറയിലെ പെൺകുട്ടികൾക്ക് എത്തിയത്. ഗർഭം എന്നത് ഒരു മാരക രോഗം പോലെ 10 മാസം ആശുപത്രി വാസം ആക്കി അനാവശ്യ സമ്മർദ്ദങ്ങൾ ഒരു സ്ത്രീക്ക് നൽകി അവളുടെ ഈ പത്തു മാസത്തെ കച്ചവടമാക്കി അതിലൂടെ കൊയ്യുന്ന ലാഭം പല ആശുപത്രികളും ലക്ഷ്യമിട്ടപ്പോൾ നോർമൽ ഡെലിവറി എന്നത് ഇന്ന് കാണാൻ ഇല്ലാത്ത അവസ്ഥ ആയി.
നോർമൽ ഡെലിവറി ചെയ്യണമെന്നോ, സിസേറിയൻ വേണ്ട എന്നോ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല. രോഗം വരുന്നതിനേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന വിഷയത്തിന്റെ പ്രാധാന്യം പറയുകയാണ്. ഗർഭ കാലത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഒരു പെൺകുട്ടിയെ മനസികമായി ബാധിക്കും അതിനെ ലഘുകരിക്കുന്നത് ചുറ്റുമുള്ളവർ നൽകുന്നത് കരുതൽ ആണ്. എന്നാലിവിടെ കുറെ ആശുപത്രികളും, പണി അറിയാത്ത കുറെ ഡോക്ടർമാരും, മരുന്ന് കച്ചവടക്കാരും സമൂഹത്തിൽ ഗർഭ കാലത്തെ പ്രശ്നങ്ങൾ മാർക്കറ്റ് ചെയ്തു അമ്മമാരുടെയും ഗർഭിണികൾ ആയ പെൺകുട്ടിയുടെയും അടുത്ത് എത്തിക്കുന്നു. പ്രസവിച്ചാൽ മരിച്ചു പോകുമോ എന്ന ഭയം പല പെൺകുട്ടികളിലും എത്തുന്നു ഇതോടെ ഇവരുടെ ആശങ്ക, ഉത്കണ്ഠ വർദ്ധിക്കുന്നു. ഇത് ഇവരെ കൂടുതൽ കുഴപ്പത്തിൽ എത്തിക്കുന്നു.
ഈ അവസ്ഥ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നു അതോടെ കച്ചവടം പൊടി പൊടിക്കുന്നു.
രോഗികൾ ഇല്ലാതായാൽ ആശുപത്രികൾ ഇല്ലാതാകും. കോടികൾ മുടക്കി ആശുപത്രികൾ കെട്ടി ഉയർത്തിയത് ദാനം ചെയ്യാനല്ല. കോടികൾ മുടക്കി റിസർച് ചെയ്തു മരുന്ന് കണ്ട് പിടിക്കുന്നത് ആ കോടികൾ നിങ്ങളിൽ നിന്ന് തിരിച്ചു പിടിക്കാൻ ആണ്. പരമാവധി രോഗി ആവാതെ ഇരിക്കാൻ നോക്കണം.
ഏതൊരു മനുഷ്യനെയും ഭയം ബാധിച്ചാൽ അവനിൽ ശരീരികമായി പ്രശ്നങ്ങൾ ഉടലെടുക്കും അത് കൊണ്ട് ഗർഭിണി ആകുന്ന ഒരു പെൺകുട്ടിയോട് അവൾക്കു മനസിക ധൈര്യം പകരാൻ പറയുന്ന കാര്യങ്ങൾ ആണ് "നോക്ക് മോളെ നമ്മുടെ നബീസുമ്മ പത്തു പ്രസവിച്ച ശേഷവും അരി ആട്ടി വെച്ചിട്ട് പോയതാണ്.. അത്രേയുള്ളൂ നീ എന്തിനാ ടെൻഷൻ അടിക്കുന്നത്.. " ഇത് ഒരമ്മ പറയുന്നത് പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കിയിട്ടല്ല.
ജീവിതത്തിൽ അമ്മ എന്ന മൂല്യം തിരിച്ചറിയാത്ത കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം തിരിഞ്ഞു നോക്കാത്ത കുടുംബത്തിന്റെ മൂല്യം മനസ്സിലാകാത്ത കുറെ എണ്ണം സോഷ്യൽ മീഡിയ വഴി നടത്തുന്ന ഈ കുര ദയവ് ചെയ്തു പുതിയ തലമുറ കേൾക്കരുത്. നിങ്ങൾ ഒരമ്മ ആകാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ നല്ല മനസ്സോടെ, ഈശ്വര ചിന്തയോടെ, നല്ല ഭക്ഷണങ്ങൾ കഴിച്ച് പൂർണ ആരോഗ്യവതിയായി എല്ലാ ജോലിയും ചെയ്തും നല്ല ചിന്തകൾ ഉണർത്തുന്ന പുസ്തകങ്ങൾ വായിച്ചും, മനസിന് കരുത്തു നൽകുന്ന മനുഷ്യരുമായി ചേർന്ന് സഹകരിക്കു.
മരുന്നുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ശീലിക്കു. ഗർഭ കാലം ആനന്ദത്തിന്റെയും ആസ്വാദനത്തിന്റെയും കാലമാണ്.
അല്ലാതെ പ്രസവം എന്ന ഒറ്റ പ്രോസസ് അല്ല ഞാൻ പറഞ്ഞത്. ഫാർമ എന്ന വെബ് സീരീസ് മരുന്ന് കച്ചവട മേഖലയിലെ കള്ളങ്ങൾ കുറെയൊക്കെ പറയുന്നുണ്ട് ഒരു അമേരിക്കൻ മരുന്ന് റിസർച്ച് കമ്പനിയിൽ ജോലി ചെയ്ത ഒരുവൻ എന്ന നിലയിൽ ആരോഗ്യ രംഗത്ത് നടക്കുന്ന കള്ളത്തരങ്ങൾ എനിക്ക് ബോധ്യമുള്ളതാണ്.
നിങ്ങളെ രോഗിയാക്കാൻ ആണ് ഓരോ മരുന്ന് കമ്പനിയും ശ്രമിക്കുന്നത്. കോടികൾ മുടക്കി ആശുപത്രി പണിയുന്നത് നിങ്ങളുടെ ആരോഗ്യം നന്നാക്കി നിങ്ങളെ രക്ഷപെടുത്താൻ അല്ല മറിച്ചു അവർക്ക് ലാഭം കൊയ്യാൻ ആണ്. അത് കൊണ്ട് തിരിച്ചറിവ് ഉണ്ടാവണം. ഞാൻ ഈ പറഞ്ഞത് ആശുപത്രിയിൽ പോകണ്ട എന്ന അർത്ഥത്തിൽ അല്ല പരമാവധി പോകാതെ ഇരിക്കുന്ന അവസ്ഥ സൃഷ്ടിക്കാൻ നോക്കുക.
ഇതേ ചിന്ത മാത്രമാണ് ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിൽ നോർത്ത് ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിലെ സ്ത്രീകൾക്ക് അറിയുക പോലുമില്ല എന്ന വിഷയത്തിൽ തമാശ രൂപേണ പറഞ്ഞ ഒരു വിഷയത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്ന വിവരമില്ലായ്‌മക്ക് എന്താ പറയുക. വിമർശനം തെറ്റുകൾ തിരുത്താൻ ഉള്ളതാവാണം അല്ലാതെ വിഡ്ഢിത്തരങ്ങൾ വിളമ്പൽ ആവരുത്.
വരികൾ അടർത്തി വിമർശിക്കാൻ തുടങ്ങിയാൽ ബൈബിൾ, ഖുർആൻ, ഗീത ഇവയുടെ ഒക്കെ സൃഷ്ടാക്കൾ പെട്ട് പോകും. കുറഞ്ഞ പക്ഷം ഞാൻ എന്താണ് പറഞ്ഞത് എന്താണ് അത് കൊണ്ട് സമൂഹത്തിൽ നൽകുന്ന സന്ദേശം എന്നത് മനസ്സിലാക്കാൻ ഉള്ള ബോധം ഉണ്ടാവുക.
NB : ഒന്നിനെയും ഭയക്കാതെ മനസിന് കരുത്തു പകർന്ന് ജീവിക്കാൻ ശ്രമിക്കു ജീവിതം ആസ്വദിക്കാൻ കഴിയും ( സാരംശം )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |