
തിരുവനന്തപുരം: ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന നിലപാടിലേക്ക് എൽ.ഡി.എഫ് സർക്കാർ മാറി. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാൻ തീരുമാനിച്ചതോടെ, ശബരിമല യുവതീ പ്രവേശനം പാടില്ലെന്ന വിശ്വാസികളുടെ പക്ഷത്തേക്കാണ് പിണറായി സർക്കാരിന്റെ ചുവടുമാറ്റം. ഇതേ നിലപാട് കോടതിയെ അറിയിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു.
ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം ദേവസ്വം ബോർഡിന്റെ നിലപാട് ഇടതു മുന്നണിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെയും അനുമതിയോടെ അംഗീകരിക്കുകയായിരുന്നു. 14ന് മുമ്പ് വാദങ്ങൾ രേഖാമുലം അറിയിക്കാൻ സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. പുതിയ തീരുമാനം ഇന്ന് കോടതിയിൽ സമർപ്പിക്കും. ഏപ്രിൽ 7നാണ് വാദം തുടങ്ങുന്നത്. ആചാരസംരക്ഷണവാദത്തിന് അടിസ്ഥാനമില്ലെന്നും യുവതികൾക്ക് പ്രായഭേദമില്ലാതെ ശബരിമല ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നുമായിരുന്നു സർക്കാരിന്റെ മുൻനിലപാട്.
വിവിധ കേസുകളിലായി മതങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച് ഏഴ് ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് മുൻപാകെയുള്ളത്. ശബരിമല പുനഃപരിശോധനാ ഹർജികളിൽ തീർപ്പുകൽപിക്കുകയല്ല, നിയമപരമായ വിഷയങ്ങൾക്ക് മറുപടി നൽകുകയാണ് വിശാല ബെഞ്ചിന്റെ ദൗത്യമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.യുവതി പ്രവേശന വിധി നിലനിർത്തണമെന്നാണ് അസോസിയേഷന്റെ വാദം.
ഇതേ നിലപാട് ബോർഡിനും
ന്യൂഡൽഹി/തിരുവനന്തപുരം: ശബരമലയിൽ യുവതീ പ്രവേശനം വേണ്ടെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ആചാരം സംരക്ഷിക്കണമെന്ന് മാർച്ച് 2ന് ചേർന്ന ബോർഡ് യോഗം തീരുമാനമെടുത്തിരുന്നു. യുവതീപ്രവേശനം അനുവദിച്ച ഉത്തരവിനെ എതിർക്കും. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന ആചാരങ്ങൾ തുടരണമെന്നും ആവശ്യപ്പെടും.ഇതിനുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം തയ്യാറാക്കിയിട്ടുള്ളത്. ദേവസ്വം ബോർഡ് രൂപീകരിച്ചതു തന്നെ ക്ഷേത്രങ്ങളേയും ആചാരങ്ങളേയും സംരക്ഷിക്കാനാണ്. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ബോർഡ് പ്രമേയം പാസാക്കിയതും വ്യക്തമാക്കും. ദേവസ്വം ബോർഡ് ഒരിക്കലും യുവതീ പ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. 2020ൽ അറിയിച്ചത് ബോർഡ് നിയോഗിച്ച അഭിഭാഷകന്റെ നിലപാടാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ആചാരങ്ങൾ തുടരണമെന്ന് ആവശ്യപ്പെടുമെന്നും സത്യവാങ്മൂലം നൽകാൻ അഭിഭാഷകനെ ചുമതലപ്പെടുത്തിയെന്നും ദേവസ്വം ബോർഡ് അംഗം കെ.രാജു പറഞ്ഞു. എന്നാൽ യുവതീപ്രവേശനത്തിലെ ഇപ്പോഴത്തെ ബോർഡ് നിലപാട് ഇന്ന് എഴുതി നൽകണമോയെന്നതിൽ ബോർഡ് ചുമതലപ്പെടുത്തിയ അഭിഭാഷകൻ തീരുമാനമെടുത്തിട്ടില്ല.
വോട്ടിന്റെ നയംമാറ്റം
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശ്വാസികളെ ഒപ്പം നിറുത്താൻ ഇടതുമുന്നണിയുടെ നിർദ്ദേശപ്രകാരമാണ് സർക്കാരിന്റെ നിലപാട് മാറ്റം. 2018 സെപ്തംബർ എട്ടിനാണ് ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയുണ്ടായത്. ഇതിനെതിരെ പുനഃപരിശോധന ഹർജികൾ വന്നപ്പോൾ സർക്കാർ വിധിയെ അനുകൂലിച്ചിരുന്നു. വിധിയോട് വിയോജിച്ച അന്നത്തെ ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ മുഖ്യമന്ത്രി തിരുത്തുകയും ചെയ്തിരുന്നു. നവോത്ഥാന സമിതിയും വനിതാമതിലുമായി യുവതീപ്രവേശത്തിനൊപ്പം നിൽക്കുകയായിരുന്നു സർക്കാർ.
ശബരിമല യുവതീ പ്രവേശനത്തിലുൾപ്പെടെ സി.പി.എം വിശ്വാസികൾക്കൊപ്പമാണ്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാട് മാറ്റിയിട്ടില്ല. കഴിഞ്ഞ തവണ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉറച്ചുനിൽക്കുകയാണ്
എം.വി. ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |