
മുണ്ടത്തിക്കോട് പടക്കനിർമ്മാണ കേന്ദ്രത്തിലുണ്ടായ വൻ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും. 'തൃശ്ശൂരിലെ ദാരുണമായ സംഭവത്തിൽ ഞാൻ അഗാധമായി ദുഃഖിക്കുന്നു. എന്റെ ചിന്തകളും അനുശോചനവും മരിച്ചവരുടെ കുടുംബത്തെ അറിയിക്കുന്നു. പരിക്കേറ്റവർ പൂർണമായി സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.' മോഹൻലാൽ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. തൃശൂരിലെ ദാരുണ സംഭവം ഞെട്ടലുളവാക്കിയെന്നും ദുരന്തത്തിനിരയായവരുടെ കുടുംബത്തിനെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും നടൻ മമ്മൂട്ടിയും സോഷ്യൽ മീഡിയയിൽ പറഞ്ഞു.
13 പേർ മരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ദുരന്തമുണ്ടായത് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ്. അഞ്ചുപേർക്ക് ഗുരുതര പരിക്കുണ്ട്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. 10 പേർ ഐസിയുവിലാണ്. വെന്റിലേറ്ററിലുള്ള രണ്ടുപേരിൽ ഒരാൾക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റു. മൂന്നുപേരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മന്ത്രിമാരും വിവിധ നേതാക്കളും സംഭവസ്ഥലം സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ അനുശോചിച്ചു. 2 ലക്ഷം രൂപ സഹായധനവും അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയുടെ സഹായധനം നൽകും.
ദുരന്തത്തിൽ മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞു. വെന്നൂർ പഴയന്നൂർ പറക്കുണ്ടിൽ സുദർശൻ (56), കുമരനല്ലൂർ സ്വദേശി വാസുദേവൻ (54),കുണ്ടന്നൂർ സ്വദേശി സുവിൻ (40) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പരിക്കേറ്റവരിൽ തിരിച്ചറിഞ്ഞത് ഇവരെയാണ്. ബാബു (57) മുണ്ടത്തിക്കോട്, സുഭദ്ര (68), അനിത (50) മുണ്ടത്തിക്കോട്, അഖിൽ (30) മുണ്ടത്തിക്കോട്, വിദ്യ കുമാർ (48) പഴയന്നൂർ, രജീഷ് (40), വിഷ്‌ണു (30), പ്രവീൺ (45), ബാബു (56), സതീഷ്, സാജൻ (38) വേലൂർ, ഹരി (40),ഭവാനി (65), സുന്ദരൻ (46). അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ് ഇവർക്ക് 70 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |