
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ടോയ്‌ലറ്റിൽ നിന്ന് ലഭിച്ച മൂന്നര ലക്ഷം രൂപയുടെ സ്വർണമാലയ്ക്ക് അവകാശികളുടെ പ്രവാഹം. കേരളകൗമുദിയിലൂടെ വാർത്ത പുറത്തുവന്നതോടെ, മാല അവകാശപ്പെട്ട് ഇന്നലെ മാത്രം നൂറോളം പേരാണ് പൊലീസിനെ സമീപിച്ചത്. എന്നാൽ ആർക്കും മാലയുടെ കൃത്യമായ അടയാളം പറയാൻ കഴിഞ്ഞില്ല.
ഇന്നലെമാത്രം ഫോൺവഴി നൂറിലേറെപേരും കേരള കൗമുദി പത്രവുമായി നിരവധിപേരും സ്റ്റേഷനിലെത്തിയെന്നാണ് എസ്.ഐ സി.ജയൻ പറഞ്ഞത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് വിളികൾ വരുന്നത്."മാല എന്റെയാണ്, അടയാളം നേരിട്ട് വന്ന് പറയാം" എന്നൊക്കെയാണ് വാദം. ചിലർ അടയാളമായി മാലയുടെ ഫോട്ടോ സഹിതം വാട്സ് ആപ്പിലേക്ക് അയച്ചുക്കൊടുത്തു. മാലയുടെ തൂക്കം, ലോക്കറ്റിന്റെ പ്രത്യേകത തുടങ്ങിയ കാര്യങ്ങൾ ചോദിക്കുമ്പോൾ പതറുകയാണ്.മാല കിട്ടിയപ്പോൾ ഉടമസ്ഥരില്ലാത്ത സങ്കടത്തിലായിരുന്നെങ്കിൽ, ഇപ്പോൾ ഇത്രയും പേരിൽ നിന്ന് യഥാർത്ഥ ഉടമയെ എങ്ങനെ കണ്ടുപിടിക്കും എന്ന തലവേദനയിലാണ് റെയിൽവേ പൊലീസ്.
മാസങ്ങളോളം കാത്തിരുന്നിട്ടും ആരും വരാത്തതുകൊണ്ടാണ് പൊലീസ് പത്രവാർത്ത നൽകിയത്. ഇത്രയും വിലപിടിപ്പുള്ള മാല നഷ്ടപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഉടമ ഇതുവരെ പരാതി നൽകാത്തത് എന്നതാണ് പൊലീസിനെ അത്ഭുതപ്പെടുത്തുന്നത്. മാല നഷ്ടപ്പെട്ടത് ശ്രദ്ധിക്കാത്തവരോ, അത് എവിടെ വെച്ചാണ് പോയതെന്ന് നിശ്ചയമില്ലാത്തവരോ ആകാം ഉടമസ്ഥർ എന്നാണ് പൊലീസ് കരുതുന്നത്.
കൃത്യമായ അടയാളം പറയുന്ന ആ ഭാഗ്യവതിക്കായി തമ്പാനൂർ റെയിൽവേ പൊലീസ് കാത്തിരിക്കുന്നു.
`` തുരുതുരാ ഫോൺകോളുകൾ വരുകയാണ് . പക്ഷേ, യഥാർത്ഥ ഉടമ ഇതുവരെയും വിളിച്ചിട്ടില്ല``
-ജയൻ.സി
സബ് ഇൻസ്‌പെക്ടർ
തമ്പാനൂർ റെയിൽവേ പൊലീസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |