തൃശൂർ: ബിരുദം നേടിയവർ ജോലി അന്വേഷിച്ച് നടക്കാതെ സംരംഭകരാകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. കേരള കാർഷിക സർവകലാശാല ബിരുദദാനച്ചടങ്ങ് ഹയാത്ത് റീജൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംരംഭകരായി ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകുന്നവരായി മാറിയാൽ വികസിത രാജ്യമെന്ന ലക്ഷ്യം സാദ്ധ്യമാക്കാൻ കഴിയും. 2047 ഓഗസ്റ്റ് 15ന് മുമ്പ് വികസിത രാജ്യമായി മാറുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായി. വിള അധിഷ്ഠിത കൃഷിയിൽ നിന്ന് കർഷകർ വരുമാനം ഉറപ്പാക്കുന്ന കൃഷി രീതിയിലേക്ക് മാറിയത് നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
ഓസ്‌ട്രേലി വെസ്‌റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചർ പ്രൊഫ. കടമ്പോട്ട് സിദ്ധിക്, ഇസാഫ് മാനേജിംഗ് ഡയറക്ടർ പോൾ തോമസ് എന്നിവർക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു. സർവകലാശാല വൈസ് ചാൻസലർ ഡോ. ബി.അശോക്, രജിസ്ട്രാർ ഡോ. എ.സക്കീർ തുടങ്ങിയവർ പങ്കെടുത്തു. 922 പേരാണ് ബിരുദവും ബിരുദാനന്തര ബിരുദവും ഏറ്റുവാങ്ങിയത്.
മന്ത്രിയെ പുകഴ്ത്തി ഗവർണർ
മന്ത്രി പി.പ്രസാദിനെ വേദിയിലിരുത്തി പുകഴ്ത്തി ഗവർണർ രാജേന്ദ്ര ആർലേക്കർ. ലണ്ടനിലേക്ക് പോയിരുന്ന മന്ത്രി കാർഷിക സർവകലാശാലയുടെ പരിപാടിയുടെ പ്രാധാന്യം മനസിലാക്കിയാണ് അവിടെ നിന്നെത്തിയത്. വേണമെങ്കിൽ പല ഒഴിവുകളും പറഞ്ഞ് വരാതിരിക്കാമായിരുന്നു. അത്രയ്ക്കും ആത്മാർത്ഥതയുള്ള മന്ത്രിയാണ് പി. പ്രസാദെന്ന് ഗവർണർ കൂട്ടിച്ചേർത്തു. ഭാരതാംബയുടെ വിഷയത്തിനുശേഷം ആദ്യമായാണ് ഇരുവരും ഒരേ വേദിയിലെത്തിയത്.
ഗവർണറോട് വിരോധമില്ലെന്ന് മന്ത്രി പ്രസാദ്
ഭാരതാംബ വിഷയത്തിൽ ഗവർണർക്കെതിരേ പ്രതിഷേധിച്ചെങ്കിലും അദ്ദേഹത്തോട് വിരോധം കാണിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി പി. പ്രസാദ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഭാരതാംബ വിഷയം ആശയപരമാണ്. ആ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |