തിരുവനന്തപുരം : ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കരുതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. ഇത് മതദ്രുവീകരണത്തിനും സാമൂഹിക സ്പർദ്ധയ്ക്കും വഴിവയ്ക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് കോളേജുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, നാളെ വിഭജന ഭീതി ദിനം ആചരിക്കണമെന്ന് കാണിച്ച് വൈസ് ചാൻസലർമാർക്ക് വീണ്ടും ഗവർണർ രാജേന്ദ്ര ആർലേക്കർ കത്ത് നൽകിയിട്ടുണ്ട്. ഓരോ ക്യാമ്പസിലും എന്തൊക്കെ പരിപാടികൾ നടത്തി എന്നടക്കമുള്ള വിവരങ്ങൾ അറിയിക്കണമെന്നും കത്തിലുണ്ട്.
പല വിസിമാരും രജിസ്റ്റർമാർക്ക് കത്ത് കൈമാറിയിട്ടുണ്ട്. എന്നാൽ ഈ പരിപാടി നടത്തിയാൽ തടയാനാണ് കെ എസ് യുവിന്റെയും എസ് എഫ് ഐയുടെയും തീരുമാനം. നാളെ പരിപാടി നടത്താൻ കോളേജുകൾക്ക് നിർദേശം നൽകിയതായി സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ ശിവപ്രസാദ് പ്രതികരിച്ചു.
വിഭജന ഭീതി ദിനം ആചരിക്കണമെന്ന ഗവർണറുടെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇന്ത്യാ വിഭജനസമയത്ത് കലാപം ആളിപ്പടർന്നപ്പോൾ തീയണക്കാൻ ശ്രമിച്ച മഹാത്മാ ഗാന്ധിയെ ഉൾപ്പെടെ അപഹസിച്ചവരാണ് സംഘപരിവാർ. ആ സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയ അജണ്ടകൾക്കനുസൃതമായ പ്രവർത്തന പദ്ധതികൾ രാജ് ഭവനിൽ നിന്നും പുറപ്പെടുവിക്കുന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണ്. ആഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണ്. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവ്വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |