ചെന്നൈ: തമിഴ്‌നാട് ഗവർണർ സ്വാതന്ത്യ ദിനത്തിൽ ഒരുക്കുന്ന ചായ സൽക്കാരത്തിൽ പങ്കെടുക്കില്ലെന്നറിയിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും നടൻ വിജയ്‌യും. ഗവർണറുടെ നടപടികൾക്കെതിരായുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇരുവരും വിരുന്നിൽ നിന്ന് വിട്ടു നിൽക്കുന്നത്. തമിഴ്‌നാട് ജനതയുടെ താത്പര്യങ്ങൾക്കെതിരായുള്ള ഗവർണർ ആർ.എൻ രവിയുടെ നടപടികളിൽ പ്രതിഷേധ സൂചകമായാണ് എം.കെ സ്റ്റാലിൻ വിരുന്നിൽ നിന്ന് വിട്ടു നിൽക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനയും തമിഴ്‌നാട് സർക്കാർ ഇറക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് വിരുന്നിൽ പങ്കെടുക്കില്ലെന്ന നിലപാടുമായി വിജയ്‌യുടെ ടി.വി.കെ യും രംഗത്ത് വന്നത്. ഗവർണറുടെ നടപടികളിൽ പ്രതിഷേധമെന്ന് ടി.വി.കെയും അറിയിച്ചിരുന്നു. ഡി.എം.കെ സഖ്യ കക്ഷികളും ബഹിഷ്കരണം അറിയിച്ചിട്ടുണ്ട്. ഗവർണറെ എതിർക്കുന്നതിന്റെ ഭാഗമായി ഈ മാസം നടക്കുന്ന യൂണിവേഴ്സിറ്റികളുടെ ബിരുദദാന ചടങ്ങുകളിൽ ഉന്നത വിദ്യഭ്യാസ മന്ത്രി ഗോവി ചെഴിയൻ പങ്കെടുക്കില്ലെന്നും സർക്കാർ അറിയിച്ചു. 18,19 തീയ്യതികളിൽ നടക്കുന്ന ചടങ്ങുകളിൽ നിന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി മാറി നിൽക്കുക.
സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ നിലവാരം കുറഞ്ഞതായി ഗവർണർ സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിയതായും സ്ത്രീകൾക്കും ദളിതർക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിച്ചതായും ഗവർണർ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം തമിഴ് നാട്ടിൽ ഗവർണർക്കെതിരായ പ്രതിഷേധങ്ങൾ കനക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ വിദ്യാർത്ഥിനി ഗവർണറുടെ കൈയിൽ നിന്നും ബിരുദം സ്വീകരിക്കാത്തതും ശ്രദ്ധേയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |