തിരുവനന്തപുരം: കേരളത്തിലേക്ക് തിരിച്ചെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും പ്രതിഷേധവുമായി എസ്എഫ്‌ഐ. തലസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ക്ക് നേരെ ഇന്നും കരിങ്കൊടി പ്രതിഷേധമുണ്ടായി. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജംഗ്ഷന് സമീപം ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോയപ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. സംഭവത്തില്‍ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തനിക്കെതിരെ കരിങ്കൊടി വീശി പ്രതിഷേധവുമായി രംഗത്തുവന്നാല്‍ ഇനിയും താന്‍ കാറിന് പുറത്ത് റോഡിലിറങ്ങുമെന്ന് എസ്എഫ്‌ഐക്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി. മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. തനിക്ക് നേരെ പ്രതിഷേധിക്കുന്നവര്‍ക്ക് അത് തുടരാമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ തന്റെ കാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ അക്രമികള്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
അതേസമയം സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നേരിട്ട് നോമിനേറ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകനെ ക്രിമനില്‍ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ചൂണ്ടിക്കാണിച്ചപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാദ്ധ്യമങ്ങളോട് ക്ഷുഭിതനാകുകയും ചെയ്തു. അറസ്റ്റ് ചെയ്ത കാര്യമൊന്നും തനിക്ക് അറിയേണ്ട എന്നായിരുന്നു ഗവര്‍ണറുടെ പ്രകോപിതനായുള്ള മറുപടി. പന്തളം എന്‍എസ്എസ് കോളേജിലെ എബിവിപി- എസ്എഫ്‌ഐ സംഘര്‍ഷത്തിലാണ് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത എബിവിപി നേതാവ് അറസ്റ്റിലായത്.
ക്രിസ്മസ് ആഘോഷത്തിനിടെ ഉണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ രണ്ട് എബിവിപി പ്രവര്‍ത്തകര്‍ റിമാന്‍ഡിലായിരുന്നു. കേസില്‍ ഒന്നാം പ്രതി വിഷ്ണു, ഗവര്‍ണര്‍ കേരള സര്‍വകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത സുധി സദന്‍ എന്നിവരെയാണ് റിമാന്റ് ചെയ്തത്. ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |