സെക്ഷ്വൽ അബ്യൂസ് നേരിടേണ്ടിവന്നിട്ടുണ്ടെന്ന് നടൻ നിഹാൽ പിള്ള. കുട്ടിക്കാലത്ത് നേരിടേണ്ടിവന്ന ദുരനുഭവമാണ് നിഹാൽ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞത്. ആരോടും പറയാത്ത കാര്യമാണെന്നും, അമ്മയോടുപോലും വീഡിയോയെടുക്കുന്നതിന്റെ തലേദിവസമാണ് വിഷയം തുറന്നുപറഞ്ഞതെന്നും നിഹാൽ വ്യക്തമാക്കി.
'എനിക്ക് വേണ്ടപ്പെട്ടൊരാളിൽ നിന്ന് ഇത്തരമൊരു വാർത്ത കേട്ടു. അവരുടെ കുട്ടിക്കുണ്ടായ അനുഭവം അറിഞ്ഞതോടെയാണ് ഞാൻ ഇത് വെളിപ്പെടുത്താമെന്ന് വിചാരിച്ചത്. വളരെ സെൻസിറ്റീവ് ടോപ്പിക്കാണ്. കുട്ടികളുടെയടുത്തുള്ള സെക്ഷ്വൽ അബ്യൂസ് ഇന്നത്തെ കാലത്ത് കൂടിക്കൂടിവരികയാണ്. പെൺകുട്ടികൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളാണ് ഏറ്റവും ചർച്ച ചെയ്യുന്നത്.
എന്റെ അനുഭവം കൊണ്ട് ഞാൻ പറയുന്നത്, ഒരു ആൺകുട്ടിക്കുണ്ടാകുന്ന സെക്ഷ്വൽ അബ്യൂസിനെക്കുറിച്ചാണ്. രണ്ട് മൂന്ന് തവണ ഇങ്ങനെയൊരവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. രണ്ടെണ്ണമാണ് ഏറ്റവും ട്രോമയായി നിൽക്കുന്നത്. എറണാകുളത്ത് സൗത്ത് ഓവർബ്രിഡ്ജിനടുത്തുള്ള വീട്ടിൽ കുറച്ചുകാലം നിന്നിട്ടുണ്ടായിരുന്നു. വയസൊന്നും ഓർമയില്ല. എട്ടോ ഒൻപതോ വയസ് കാണുകയുള്ളൂ. ഞങ്ങൾ താമസിക്കുന്ന വീട് കഴിഞ്ഞ് നാലാമത്തെ വീട്, ഷൂ ഷോപ്പിൽ ജോലിചെയ്യുന്ന ആളുകളുടെ കോട്ടേഴ്സ് പോലെയായിരുന്നു അത്. ഇവർക്ക് അന്ന് ഫ്രീയായി സ്റ്റിക്കറും മറ്റും കിട്ടിയിരുന്നു.ഞങ്ങൾ കുറച്ച് കൂട്ടുകാർ ആ റൂട്ടിൽ ഓടിക്കളിക്കുമായിരുന്നു.
അ കടയിലെ ജോലിക്കാരിലൊരാൾ, ആളുടെ മുഖം ഓർമയില്ല. മുണ്ടും ലുങ്കിയും ബനിയനുമൊക്കെയായിരുന്നു ഉടുത്തിരുന്നത്. കുറച്ച് കഷണ്ടിയുള്ളയാളായിരുന്നു. അയാൾ മുപ്പതുകളുടെ അവസാനമോ നാൽപ്പതുകളുടെ ആദ്യമോ ആയിരിക്കാം. സ്റ്റിക്കർ തരാമെന്ന് പറഞ്ഞ് കുട്ടികളെ വിളിക്കുമായിരുന്നു. ഒരു ദിവസം ഞാൻ പോയി. അകത്തേക്ക് വരാൻ പറഞ്ഞു. കളിക്കുന്ന തിരക്കിലായതിനാൽ ഞാൻ വരുന്നില്ലെന്ന് പറഞ്ഞു. അപ്പോൾ ഒരു സ്റ്റിക്കർ തന്നു. കുറേ സ്റ്റിക്കർ ഉണ്ടെന്നും നാളെ വീടിനകത്ത് വന്നാൽ തരാമെന്ന് പറഞ്ഞു.
വേറൊരു ദിവസം ഞങ്ങൾ രണ്ടോ മൂന്നോ പേർ പോയി. ഉള്ളിൽ വരുന്നവർക്ക് വലിയ സ്റ്റിക്കർ തരാമെന്ന് പറഞ്ഞു. അയാൾ ഞങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചോ പിടിക്കാൻ ശ്രമിക്കുകയോ ചെയ്തു. കൃത്യമായി ഓർമയില്ല. അകത്തേക്ക് പോയ കുട്ടിയുടെ ഷോർട്ട്സ ഊരുകയോ മറ്റോ ചെയ്തു. അതിനുശേഷം ഞങ്ങൾ അങ്ങോട്ട് പോയിട്ടില്ല.
പിന്നെ കുവൈത്തിൽ പോയി. അവിടെവച്ച് ഒരു അറബി എന്റെ കഴുത്തിൽ പിടിച്ച് എന്നെ നോക്കി. ഞാൻ അന്ന് പത്തിലോ മറ്റോ ആണ്. പയ്യെ കൈ എന്റെ പാന്റിനടുത്തേക്ക് പോയി. പട്ടാപ്പകലാണ്. ഞാൻ എങ്ങനെയോ അയാളുടെ ശ്രദ്ധമാറ്റി, ഓടി.'- നിഹാൽ പറഞ്ഞു. മുംബയ് പൊലീസ് എന്ന ചിത്രത്തിലൂടെയാണ് നിഹാൽ പിള്ള ശ്രദ്ധേയനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |