ശിവഗിരി: ലോകം ഉള്ളകാലത്തോളം മനുഷ്യജീവിതത്തെ പ്രോജ്ജ്വലിപ്പിച്ചുകൊണ്ട് ശ്രീനാരായണഗുരുദേവ ദർശനം നിലകൊള്ളുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ശിവഗിരിയിൽ നടന്ന 97-ാമത് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുരുവെന്ന മഹാപ്രകാശമാണ് നമ്മെയെല്ലാം പ്രകാശിപ്പിക്കുന്നത്. നമ്മുടെ ജീവിതങ്ങളെ പ്രചോദിപ്പിക്കുന്നത്. ഏക മനസ്സോടെ ലോകം അംഗീകരിക്കേണ്ട ദർശനമാണതെന്നും മന്ത്രി പറഞ്ഞു.
കവിത്വം കൊണ്ടും ഭാഷാശുദ്ധി കൊണ്ടും ഏത് വിഷയത്തിലും അഭിപ്രായം പറയാനുള്ള കരുത്തും കഴിവും ഗുരുദേവനുണ്ടായിരുന്നു. ലോകത്തിന് ഒരുപോലെ അംഗീകരിക്കാവുന്ന ആശയങ്ങളാണ് ഗുരു ആവിഷ്കരിച്ചത്. വേദവും പുരാണങ്ങളും സ്‌മൃതിയുമൊക്കെ ജീവിതത്തെ നിയന്ത്രിച്ചിരുന്ന കാലത്ത് ഗുരു തന്റെ ചരിത്രനിയോഗം ഹൃദയത്തിൽ ഏറ്റുവാങ്ങി. അധഃസ്ഥിതരെയും അടിയാളരെയും കൈപിടിച്ചുയർത്തി. ദൈവം എല്ലാവർക്കും പ്രാപ്യമായ അനുഭവമാണെന്ന് ബോദ്ധ്യപ്പെടുത്തി. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തിന്റെ അലയൊലികൾ മലയാളത്തിന്റെ അതിർത്തികൾ കടന്ന് യുഗാന്ത്യത്തോളം മുഴങ്ങിക്കൊണ്ടിരിക്കും. ജാതീയവും മതപരവുമായ വിഭാഗീയതകളെ തുടച്ചുനീക്കാനാണ് ഗുരു യത്നിച്ചത്. അതിന്റെ വിത്തുകൾ സാംസ്കാരിക കേരളത്തിന്റെ മണ്ണിൽ കിളിർത്തുവരാൻ അനുവദിച്ചുകൂടെന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യമെന്നാൽ ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായമല്ല. എല്ലാവരെയും ഒരുപോലെ കാണാൻ കഴിയുന്ന വിശാല ബോധമാണത്. കാലങ്ങൾക്കു മുൻപ് ഗുരുദേവൻ അത് നമ്മെ ബോദ്ധ്യപ്പെടുത്തി. എല്ലാമതങ്ങളുടെയും സാരം ഏകമാണെന്നു ബോദ്ധ്യംവന്നവന് ഒരു മതവും നിന്ദ്യമാവില്ലെന്ന് ഗുരു പ്രഖ്യാപിച്ചു. സ്വാമി വിവേകാന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച ഈ മണ്ണിനെ ഉഴുതുമറിച്ച് മനുഷ്യന് ജീവിക്കാവുന്ന പശ്ചാത്തലമൊരുക്കിയത് ഗുരുദേവനാണെന്നും മന്ത്രി രാജൻ പറഞ്ഞു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശശിതരൂർ എം.പി മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ, അഡ്വ. വി. ജോയി എം.എൽ.എ, നഗരസഭ ചെയർമാൻ കെ.എം. ലാജി, വർക്കല കഹാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, സത്യൻ പന്തത്തല എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദിയും പറഞ്ഞു.
ഫോട്ടോ: ഗുരുദേവന്റെ 97-ാമത് മഹാസമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും മന്ത്റി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു. കെ.എം.ലാജി, വി.ജോയി എം.എൽ.എ, സ്വാമി ശുഭാംഗാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി അസംഗാനന്ദഗിരി, വർക്കലകഹാർ, സത്യൻ പന്തത്തല എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |