
കൊച്ചി: ശബരിമല തീർത്ഥാടനത്തിന് സ്വാഭാവിക കുങ്കുമം മാത്രമേ ഉപയോഗിക്കാവൂ എന്നതു സംബന്ധിച്ച് ദേവസ്വം ബോർഡ് വ്യാപക പ്രചാരണം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അച്ചടി, ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചാരണം നൽകാനാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ശബരിമലയിൽ രാസ കുങ്കുമം വിൽക്കുന്നത് ഹൈക്കോടതി നേരത്തേ വിലക്കിയിരുന്നു.
ശബരിമല സ്‌പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് വിഷയം ദേവസ്വം ബെഞ്ച് പരിഗണിച്ചത്. എരുമേലിയിൽ പേട്ടതുള്ളുന്നവർ ദേഹത്ത് വിതറുന്ന രാസകുങ്കുമം കഴുകിക്കളയാനായി ചെറിയ ഷാമ്പൂ പായ്‌ക്കറ്റുകൾ ഉപയോഗിക്കുന്നത് പുഴയിൽ പ്ലാസ്റ്റിക് അടിഞ്ഞു കൂടാൻ കാരണമായിരുന്നു. തുടർന്നാണ് രാസ കുങ്കുമത്തിന്റെയും ഷാമ്പൂ പായ്‌ക്കുകളുടെയും വിൽപ്പന വിലക്കി മണ്ഡലകാലത്തിന്റെ തുടക്കത്തിൽ ഹൈക്കോടതി ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |