കോഴിക്കോട്: കോഴിക്കോട് ചാലപ്പുറം വെള്ളിയഞ്ചേരി പള്ളിയത്ത് വീട്ടിൽ കെ. അജിതയുടെ (46) ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കോഴിക്കോട് മെട്രോമെഡ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് നോർത്ത് ബീച്ച് റോഡിലെ 44 കാരി സുജറീനയ്ക്കാണ് അജിതയിലൂടെ പുതുജീവൻ ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധത അറിയിക്കുകയായിരുന്നു.
കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവയും ദാനംചെയ്തു. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് നൽകിയത്.
മെട്രൊമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോ തൊറാസിക് ആൻഡ് ട്രാൻസ്പ്ളാന്റ് സർജൻ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോ. ബിജു.ഐ.കെ, ഡോ. ഷൈലേഷ് അയകോട്ട്, ഡോ. രാജേഷ്.എം.സി എന്നിവരും വൃക്ക മാറ്റിവയ്ക്കലിന് ഡോ. സുനിൽ ജോർജ്, ഡോ. പൗലോസ് ചാലി, ഡോ. അഞ്ജന എന്നിവരും നേതൃത്വം നൽകി.
താങ്ങായി മൃതസഞ്ജീവനി
സെപ്തംബർ 28നാണ് ഹൃദയസ്തംഭനത്തെ തുടർന്ന് അജിതയെ ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ടാണ് അവയവദാനത്തിനുള്ള ക്രമീകരണങ്ങൾ ദ്രുതഗതിയിൽ ചെയ്തത്. കെസോട്ടോയുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമവും ഏകോപനവും. പി.രവീന്ദ്രനാണ് അജിതയുടെ ഭർത്താവ്. പി.സാരംഗി (വൈറ്റ് സ്‌കൂൾ, കോഴിക്കോട്), പി.ശരത് എന്നിവരാണ് മക്കൾ. മരുമകൻ: മിഥുൻ (ഇന്ത്യൻ ആർമി).
തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളോട് നന്ദിയുണ്ട്. അജിതയ്ക്ക് ആദരാഞ്ജലി.
- വീണ ജോർജ്,
ആരോഗ്യ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |