തൃശൂർ: മൂന്ന് കുഞ്ഞുങ്ങളെ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി തൃശൂർ ഒല്ലൂർ റോഡിലൂടെ യാത്ര ചെയ്‌ത മുത്തച്ഛന്റെ ഫോട്ടോ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെ നടപടി.
11,500 രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കി. കുഞ്ഞുങ്ങളെ ഹെൽമെറ്റ് ധരിപ്പിക്കാതെയും സുരക്ഷിതത്വം ഉറപ്പാക്കാതെയും സ്‌കൂട്ടറിൽ കൊണ്ടുപോയതിനും പിൻസീറ്റിൽ ഇരുത്തിയതിനുമാണ് നടപടി. ഒല്ലൂർ അക്കരവീട്ടിൽ ഡേവിസാണ് സ്‌കൂട്ടർ ഓടിച്ചത്. 'ഇത് കുട്ടിക്കളിയല്ല' എന്ന അടിക്കുറിപ്പോടെ കേരളകൗമുദിയുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച റാഫി എം.ദേവസി പകർത്തിയ ഫോട്ടോ പൊലീസിന്റെ ട്രാഫിക് ബോധവത്കരണ പോസ്റ്ററിലേക്കും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെൽമെറ്റ് ജീവൻ മാത്രമല്ല കളിയും രക്ഷിക്കുമെന്ന കുറിപ്പ് സമൂഹ മാദ്ധ്യമത്തിൽ പൊലീസ് പങ്കുവച്ച ദിവസമായിരുന്നു ഈ ചിത്രം പകർത്തിയത്. ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തിയ വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു ട്രോൾ രൂപത്തിലുള്ള പൊലീസിന്റെ സന്ദേശം. കേരള താരം സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ തട്ടി ലഭിച്ച ക്യാച്ചാണ് ഫൈനൽ പ്രവേശനത്തിൽ നിർണായകമായത്.
`ഇത്തരം യാത്രകൾ കൂടുന്നുണ്ട്. കുട്ടികൾ ഉറങ്ങിപ്പോകും. സഡൻ ബ്രേക്കിടുമ്പോൾ
വീഴാനും സാദ്ധ്യതയുണ്ട്. വ്യാപകമായ ബോധവത്കരണം അനിവാര്യമാണ്.'
-എം.കെ.ജയേഷ് കുമാർ,
തൃശൂർ ആർ.ടി.ഒ
`കുട്ടികളെ സ്‌കൂട്ടറിൽ കൊണ്ടുപോയത് അബദ്ധം പറ്റിയതാണ്. പക്ഷേ, അത് ട്രാഫിക് ബോധവത്കരണത്തിനുള്ള സന്ദേശമാകുന്നതിൽ സന്തോഷം.'
-ഡേവിസ് അക്കര,ഒല്ലൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |