കൊച്ചി: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ പരിശോധന കടുപ്പിച്ച് ഹൈക്കോടതി. ശബരിമല ശ്രീകോവിൽ ഉൾപ്പെടെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് 1998 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി നിർദേശിച്ചു.
ശ്രീകോവിൽ, ദ്വാരപാലക ശിൽപ്പം, ലിന്റൽ, കമാനം തുടങ്ങിയവ സ്വർണം പൂശിയത് മുതൽ ഇതുവരെയുള്ള രജിസ്റ്റർ, മഹസർ ഉൾപ്പെടെ മുഴുവൻ രേഖകളും ഹാജരാക്കാനാണ് ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്റെ നിർദേശം. അതേസമയം, കോടതിയുടെ അനുമതി തേടാതെ സ്വർണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയതിൽ ദേവസ്വം ബോർഡ് കോടതിയിൽ ക്ഷമാപണം നടത്തി.
സ്വർണം പൂശലുമായി ബന്ധപ്പെട്ട് ആറന്മുള തിരുവാഭരണ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ ഇന്നുതന്നെ ഹാജരാക്കാനാണ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്ക് കോടതി നിർദേശം നൽകിയിരിക്കുന്നത്. സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ചെന്നൈയിലെ 'സ്‌മാർട്ട് ക്രിയേഷൻസ്' എന്ന സ്ഥാപനത്തെ കേസിൽ കക്ഷിചേർക്കാനും കോടതി നിർദേശിച്ചു. 2019ൽ ചെന്നൈ മലയാളിയാണ് ഈ സ്ഥാപനം വഴി സ്വർണപ്പാളികൾ സ്‌പോൺസർ ചെയ്‌തത്. അതിനാലാണ് അറ്റകുറ്റപ്പണിക്കായി ഈ സ്ഥാപനത്തിലേക്ക് തന്നെ കൊണ്ടുപോയതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ശ്രീകോവിലിലെ വാതിലിന്റെ ഇരുഭാഗത്തും കരിങ്കല്ലുകൊണ്ട് നിർമിച്ചിട്ടുള്ള ദ്വാരപാലക ശിൽപ്പങ്ങളാണ് 2019ൽ സ്വർണം പൂശിയ ചെമ്പുപാളികൾ കൊണ്ട് പൊതിഞ്ഞത്. 1998ൽ വ്യവസായിയായ വിജയ് മല്യ ശബരിമല ശ്രീകോവിൽ സ്വർണം പൂശിയിരുന്നു. അന്ന് മുതലുള്ള എല്ലാ രേഖകളും ഹാജരാക്കാനാണ് ഇന്ന് കോടതി നിർദേശിച്ചിരിക്കുന്നത്. സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ഏതൊക്കെ രീതികളാണ് അന്നുമുതൽ അനുവർത്തിച്ചിരിക്കുന്നതെന്ന് പരിശോധിക്കാനാണ് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടതെന്നും കോടതി സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |