തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികളിൽ ഇലക്ട്രോപ്ളേറ്റിംഗ് തുടങ്ങിക്കഴിഞ്ഞതിനാൽ ചെന്നൈയിൽ നിന്ന് ഇപ്പോൾ തിരികെയെത്തിക്കുന്നത് അസാദ്ധ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
ഉടനടി തിരിച്ചെത്തിക്കണമെന്ന ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഉത്തരവിനെതിരെ
റിവ്യൂ ഹർജി നൽകിയതായി അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
സ്വർണം പൂശുന്ന രാസപ്രക്രിയയായ ഇലക്ട്രോപ്ളേറ്റിംഗ് സന്നിധാനത്തുവച്ച് ചെയ്യാനാവില്ല. അതുകൊണ്ടാണ് ചെന്നൈയിലേക്ക് കൊണ്ടുപോയത്.
പതിവ് മാസ പൂജയ്ക്ക് കന്നി ഒന്നിന് നടതുറക്കുന്നതിനോട് അനുബന്ധിച്ച് കന്നി അഞ്ചിന് ശുദ്ധിക്രിയ നടത്തി തിരികെ സ്ഥാപിക്കാമെന്ന അനുജ്ഞ ഭഗവാനിൽ നിന്ന് വാങ്ങിയശേഷമാണ് ദ്വാരപാലകൻമാരെ പൊതിഞ്ഞിരുന്ന സ്വർണപ്പാളികൾ ഇളക്കിയത്. അത് സ്വർണം പൂശിയ ചെമ്പുതകിടുകളാണ്.
സോപാനത്തിലേക്ക് ഭക്തർ നാണയങ്ങൾ വലിച്ചെറിയുമ്പോൾ ഈ ശില്പങ്ങളിൽ വന്നുകൊണ്ട് സ്വർണ കവചങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അതു പരിഹരിക്കണമെന്ന് തന്ത്രിമാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 2023 മുതൽ ഉന്നയിക്കുന്ന ഈ ആവശ്യം പരിഗണിച്ചാണ് ബോർഡ് തീരുമാനമെടുത്തത്. കേടുപാട് പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ തിരുവാഭരണം കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു. പതിനാറ് ഗ്രാം സ്വർണം മതിയെന്നാണ് തിട്ടപ്പെടുത്തിയത്.
കവചം സമർപ്പിച്ചത് ബംഗളൂരുവിലെ ഉണ്ണികൃഷ്‌ണൻ എന്ന മലയാളി ഭക്തനാണ്. ചെന്നൈയിലെ സ്‌മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനമാണ് 2019 ൽ ഇത് പണിതു നൽകിയത്. 40 വർഷത്തെ വാറന്റിയുണ്ടായിരുന്നു.
തിരുവാഭരണം കമ്മിഷണർ, ശബരിമല അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, അസി.എക്സിക്യുട്ടീവ് ഓഫീസർ, ദേവസ്വം സ്‌മിത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പൊലീസിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ മഹസർ തയാറാക്കി വീഡിയോ ചിത്രീകരണവും നടത്തിയാണ് പാളികൾ ഇളക്കിയത്. സ്വർണപ്പാളികൾ സമർപ്പിച്ച ഭക്തന്റെ സാന്നിദ്ധ്യത്തിലാണ് ചെന്നൈയിൽ ജോലികൾ നടക്കുന്നത്.
ബോർഡ് മഹാഅപരാധം കാട്ടിയെന്ന പ്രചാരണം നിർഭാഗ്യകരമാണ്. ദ്വാരപാലകൻമാരെ എടുത്തുകൊണ്ടുപോയെന്നാണ് മറ്റൊരു പ്രചാരണം,
ശബരിമലയുടെ ആചാരാനുഷ്‌ഠാനങ്ങൾ സംബന്ധിച്ച് ബോർഡിന് ആശയക്കുഴപ്പമില്ല. ശബരിമലയുടെ കാര്യത്തിൽ തന്ത്രിയുടെ വാക്കാണ് അന്തിമമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
ശബരിമലയിലെ സ്വർണപ്പാളി:
ബോർഡ് റിവ്യൂ ഹർജി നൽകി
കൊച്ചി: അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ, ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കണമെന്ന ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. അറ്റകുറ്റപ്പണി തുടങ്ങിയതിനാൽ പെട്ടെന്ന് തിരികെ കൊണ്ടുവരുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഹർജിയിൽ വിശദീകരിക്കുന്നു. ഹർജി ഇന്ന് ദേവസ്വം ബെഞ്ച് പരിഗണിക്കും.
ശബരിമല സ്പെഷ്യൽ കമ്മിഷണറെയടക്കം അറിയിക്കാതെ സ്വർണപ്പാളികൾ കൊണ്ടുപോയത് അനുചിതമായെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തിരികെ വിളിപ്പിച്ചത്. കഴിഞ്ഞദിവസം ഹർജി പരിഗണിച്ചപ്പോൾ അറ്റകുറ്റപ്പണി തുടങ്ങിയ വിവരം ബോർഡിന് അറിയിക്കാനായിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |