കൊച്ചി: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് ഇളക്കിയെടുത്ത് അറ്റകുറ്റപ്പണിക്ക് ചെന്നൈയിലേക്കു കൊണ്ടുപോയ സ്വർണപ്പാളികൾ ഉടൻ തിരിച്ചെത്തിക്കണമെന്ന് ഹൈക്കോടതി. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെയും ഹൈക്കോടതിയുടെയും മുൻകൂർ അനുമതിയില്ലാതെയുള്ള ദേവസ്വം ബോർഡിന്റെ നടപടി അനുചിതമാണ്.
ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റേതാണ് നിർദ്ദേശം.
അറ്റകുറ്റപ്പണി നിറുത്തിവയ്‌ക്കാൻ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഏജൻസിയോടും സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയോടും കോടതി നിർദ്ദേശിച്ചു.
അയ്യപ്പവിഗ്രഹത്തിലെ മുദ്രമാല, ജപമാല, യോഗദണ്ഡ് അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണുണ്ടായത്. നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മിഷണർ തുടങ്ങിയവർക്ക് നോട്ടീസയച്ചു.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് അയയ്‌ക്കാൻ തീരുമാനിച്ചതിന്റെ ഫയലുകളും രേഖകളും വെള്ളിയാഴ്ച ഹാജരാക്കണം.
ശില്പങ്ങളുടെ കേടുപാടുകൾ തീർക്കണമെന്നാവശ്യപ്പെട്ട് 2023ൽ തന്ത്രി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബോർഡ് വാദിച്ചു. ശ്രീകോവിലിന് ഇരുവശത്തുമുള്ള ശില്പങ്ങളുടെ ചെമ്പ് ആവരണത്തിന് മുകളിൽ സ്വർണം പൂശിയവയാണ് ഈ പാളികൾ. 2019ൽ ഇതേ സ്പോൺസറും ഏജൻസിയും ചേർന്നാണ് ഇത് സമർപ്പിച്ചത്. നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് കൊണ്ടുപോയത്. മഹസർ തയ്യാറാക്കിയിരുന്നു. 8ന് സ്പെഷ്യൽ കമ്മിഷണറെ ഫോൺ മുഖേനയും തുടർന്ന് കത്തുവഴിയും വിവരം അറിയിക്കുകയും ചെയ്തതായി ബോർഡ് അറിയിച്ചു.
എന്നാൽ ശബരിമല സ്പെഷ്യൽ കമ്മിഷണറെ മുൻകൂട്ടി അറിയിക്കാതെയും വിഷയം കോടതിയിലെത്താൻ സമയം നൽകാതെയും സ്വർണപ്പാളികൾ ഇളക്കിയതിൽ കോടതി അതൃപ്തിയറിയിച്ചു. വിലപിടിപ്പുള്ള വസ്തുക്കളുടെ അറ്റകുറ്റപ്പണി ക്ഷേത്രപരിസരത്തു തന്നെ കർശന മേൽനോട്ടത്തിൽ നടത്തണമെന്ന് നിർദ്ദേശമുള്ളതാണ്. മുൻകൂർ അറിയിക്കുകയെന്നത് വസ്തുക്കൾ ദുരുപയോഗിക്കുന്നില്ലെന്നും നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പുവരുത്താൻ സ്പെഷ്യൽ കമ്മിഷണർക്ക് അവസരം നൽകൽ കൂടിയാണെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
വാറന്റി 40 വർഷം; ആറാം
വർഷം അറ്റകുറ്റപ്പണി!
2019ൽ നിർമ്മിച്ച പാളികൾക്ക് 40 വർഷം വാറന്റി പറഞ്ഞിരുന്നു. ആറു വർഷമായപ്പോഴേക്കും നിർമ്മിച്ചയിടത്തേക്ക് വീണ്ടും കൊണ്ടുപോകുന്നതിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അങ്ങനെയെങ്കിൽ, ശ്രീകോവിലിൽ ഇതോടനുബന്ധിച്ചുള്ള ഡോർ പാനലുകളും ലിന്റലുകളും അറ്റകുറ്റപ്പണി ചെയ്യേണ്ടതുണ്ട്. ദ്വാരപാലക ശില്പത്തിലെ പാളികൾ മാത്രം കൊണ്ടുപോയത് അനാവശ്യവും ക്രമവിരുദ്ധവുമാണ്. മുദ്രമാല കേസിലും ദേവസ്വം കമ്മിഷണറും തിരുവാഭരണം കമ്മിഷണറും മുൻ ഉത്തരവ് ബോധപൂർവം ലംഘിച്ചിരുന്നതായും വിമർശിച്ചു.
പുതുതായി പൂശാൻ
നിശ്ചയിച്ചത്
303 ഗ്രാം സ്വർണം
ദുരൂഹത, ആചാരലംഘനം
നടപടികളിൽ ദുരൂഹതയെന്ന് ആക്ഷേപം ഉയർന്നു. സെപ്തംബർ ഏഴിന് രാത്രിയാണ് കൊണ്ടുപോയത്. 8ന് വൈകിട്ടോടെയാണ് സ്പെഷ്യൽ കമ്മിഷണർക്ക് എക്സിക്യൂട്ടീവ് ഓഫീസർ റിപ്പോർട്ട് നൽകിയത്
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസി.എക്സിക്യൂട്ടീവ് ഓഫീസർ,തിരുവാഭരണം കമ്മിഷണർ, ദേവസ്വം വിജി.എസ്. ഐ, രണ്ടു പൊലീസുകാർ, സ്വർണപ്പണിക്കാരൻ, സ്പോൺസറുടെ പ്രതിനിധി എന്നിവർ അനുഗമിക്കുന്നു
തന്ത്രിയുടെ അനുജ്ഞ ലഭിച്ചശേഷമാണ് ഇളക്കിയതെങ്കിലും പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നില്ലെന്നാണ് സൂചന. ഇവ ക്ഷേത്രശരീരത്തിന്റെ ഭാഗമാണ്. അറ്റകുറ്റപ്പണി സന്നിധിയിൽ നടത്തണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |