തിരുവനന്തപുരം: ഓണത്തിന് മുമ്പ് ഗൃഹപ്രവേശം നടത്താൻ തിടുക്കപ്പെട്ട് വീടുനിർമ്മാണം പൂർത്തിയാക്കിയവർ കെട്ടിടനമ്പരിന് എത്തുമ്പോൾ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള സെസ് അടയ്ക്കണമെന്ന് ഉപാധിവച്ചതോടെ സാധാരണക്കാർ നെട്ടോട്ടമോടുന്നു. 12260 ഫയലുകളാണ് സംസ്ഥാനത്ത് ഇത്തരത്തിൽ കുരുങ്ങിയത്.
എസ്റ്റിമേറ്റിന്റെ ഒരു ശതമാനമാണ് സെസ്. 25 ലക്ഷം രൂപയാണ് ചെലവെങ്കിൽ 25,000രൂപ അടയ്ക്കണം.
കെട്ടിടനിർമ്മാണ ചട്ടപ്രകാരം നിർമ്മാണം പൂർത്തിയായാൽ 15 ദിവസത്തിനകം കെട്ടിടനമ്പർ നൽകേണ്ടതാണ്. സെസ് മാനദണ്ഡമല്ല.
കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവർക്ക് പെൻഷൻ ഉൾപ്പെടെ നൽകാനാണ് സെസ് പിരിക്കുന്നത്.
1996ലെ കേന്ദ്രനിയമത്തിന് പിന്നാലെ 1998ൽ സംസ്ഥാനത്തും നിലവിൽ വന്നു.തൊഴിൽ വകുപ്പിനായിരുന്നു ചുമതല.നിർബന്ധമല്ലാത്തതിനാൽ അടയ്ക്കാൻ മിക്കവരും തയ്യാറായില്ല.
ബോർഡിന്റെ പ്രവർത്തനം പ്രതിസന്ധിലായതോടെ സെസ് പിരിവ് തദ്ദേശവകുപ്പ് ഏറ്റെടുത്തു.2024ൽ ഏപ്രിലിൽ തദ്ദേശവകുപ്പ് കെട്ടിടനമ്പർ ലഭിക്കാൻ ഇതു മാനദണ്ഡമാക്കി.
ഏപ്രിലിന് മുമ്പുള്ള വീടുകളുടെ കുടിശിക പിരിക്കാൻ തൊഴിൽവകുപ്പും നോട്ടീസ് നൽകുന്നുണ്ട്.
സോഫ്റ്റ് വെയറിൽ
കെണി വച്ചു
1. ഫെബ്രുവരി 14ന് സർക്കാർ ഉത്തരവിലൂടെ സെസ് അടച്ചാലേ നമ്പർ നൽകൂവെന്ന മാനദണ്ഡം കൊണ്ടുവന്നതോടെ സോഫ്റ്റുവെയറിൽ മാറ്റം വരുത്തി. സെസ് അടച്ച രസീത് നമ്പർ രേഖപ്പെടുത്തിയാൽ മാത്രമേ എൻജിനിയറിംഗ് വിഭാഗത്തിൽ നിന്ന് ഫയൽ നമ്പരിടുന്ന ഘട്ടത്തിലേക്ക് കടക്കൂ.
2. 1000 സ്‌ക്വയർ ഫീറ്റിൽ കൂടുതലുള്ളതോ 10 ലക്ഷം രൂപയിൽ കൂടുതൽ എസ്റ്റിമേറ്റുള്ളതോ ആയ വീടുകൾക്കാണ് സെസ്.
2015നുശേഷം പണിത കെട്ടിടങ്ങൾക്കും സെസ് ബാധകമാക്കി. നിർമ്മാണം കരാറുകാരനെ ഏൽപിച്ചാൽ സെസ് അടയ്ക്കേണ്ടത് കരാറുകാരുടെ ബാദ്ധ്യതയാണ്. ഇത് ഉടമയുടെ തലയിൽ കെട്ടിവയ്ക്കുന്നതായും പരാതിയുണ്ട്.
നമ്പറിന് ബാധകമാക്കരുത്,
സെസിന് ഗഡുക്കൾ വേണം
കെട്ടിടനിർമ്മാണത്തിനുശേഷം റവന്യൂവകുപ്പിൽ ഒറ്റതവണ നികുതി അടയ്ക്കുന്നതിന് സമാനമായി സെസ് അടവും ഗഡുക്കളാക്കണമെന്ന ആവശ്യം ശക്തം. തദ്ദേശസ്ഥാപനങ്ങളിൽ നിന്നു ഒക്യുപെൻസിയും കംപ്ലീഷൻ പ്ലാനും ലഭിച്ചാൽ ഇത് സ്കാൻ ചെയ്ത് ഒറ്റതവണ നികുതി അടയ്ക്കാൻ ഓൺലൈനായി അപേക്ഷിക്കാം. തുടർന്ന് ലഭിക്കുന്ന സത്യപ്രസ്താവന ഒപ്പിട്ട് തദ്ദേശസ്ഥാപനത്തിൽ നൽകിയാൽ കെട്ടിട നമ്പർ കിട്ടും.പിന്നാലെ നാലു തവണയായി നികുതി അടച്ചാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |