SignIn
Kerala Kaumudi Online
Friday, 17 January 2025 2.10 PM IST

തൊണ്ണൂറുകൾ മുതൽ കേരളത്തിലെ വീടുകളിൽ ടൈൽ ഇടുന്നുണ്ട്, എന്നാൽ ഇപ്പോൾ എന്തുകൊണ്ട് പൊട്ടിയിളകൽ കൂടുന്നു?

Increase Font Size Decrease Font Size Print Page
tiles

അടുത്തിടെയാണ് നടൻ ഹരിശ്രീ അശോകന്റെ വീട്ടിലെ ടൈൽ പ്രശ്നം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. പഞ്ചാബി ഹൗസ് എന്ന തന്റെ പുതിയ വീട്ടിൽ പാകിയ ടൈലുകളെല്ലാം പെട്ടെന്നൊരു ദിവസം പൊട്ടി ഇളകിയതും, തുടർന്ന് നിയമനടപടി സ്വീകരിച്ചതുമെല്ലാം അശോകൻ തന്നെ മാദ്ധ്യമങ്ങൾക്ക് മുമ്പിൽ വിശദമാക്കിയിരുന്നു. സമാനമായ അനുഭവം ഉണ്ടായതായി വിവരിച്ച് നിരവധി പേർ രംഗത്തു വരികയും ചെയ‌്തു.

ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചിട്ടുണ്ടാവുക എന്ന് വിശദമാക്കുകയാണ് പ്രമുഖ ആർക്കിടെക്‌ട് സുരേഷ് മഠത്തിൽ വളപ്പിൽ. മൂന്ന് പതിറ്റാണ്ടുകളായി ഫ്ളോറിംഗ് ടൈൽ സുപരിചിതമായ കേരളത്തിൽ അത്തരം അനുഭവങ്ങൾ എന്തുകൊണ്ട് വർദ്ധിക്കുന്നുവെന്ന് സുരേഷ് പറയുന്നു.

സുരേഷ് മഠത്തിൽ വളപ്പിലിന്റെ വാക്കുകൾ-

''കഴിഞ്ഞയാഴ്ച പണിയൊന്നുമില്ലാതെ ചുമ്മാ മൊബൈലിലുംതോണ്ടിസോഫയിൽ കിടക്കുമ്പോഴാണ് ഞാനാ വീഡിയോ കാണുന്നത്.
വീഡിയോ എന്നുവച്ചാൽ ഒന്നൊന്നര വീഡിയോ, അതായത് മലയാള സിനിമാതാരം ഹരിശ്രീ അശോകന്റെ വീടുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത വീഡിയോ. അദ്ദേഹം പുതുതായി പണികഴിപ്പിച്ച വീട്ടിലെ ടൈലുകൾ എല്ലാം തന്നെ പൊട്ടിയിളകിപോയിരിക്കുന്നു. നമ്മളെയൊക്കെ ഒരുപാട് ചിരിപ്പിച്ച അദ്ദേഹത്തിന്റെ ആ അവസ്ഥ കണ്ടപ്പോൾ എനിക്കും സങ്കടംതോന്നി. കോൺട്രാക്ടാരുടെ പത്തു തലമുറയിലെ പിതൃക്കളെ സ്മരിച്ചുകൊണ്ടും, നിർമ്മാതാവിന്റെ കൂമ്പിനിടിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടും ഉള്ള പല കമെന്റുകളും ആ വീഡിയോയുടെ തുടർച്ചയായി കാണുകയും ചെയ്തു.


എന്നാൽ എന്റെ പ്രശ്നം അദ്ദേഹത്തിന്റേത് മാത്രമല്ല, സമാനമായ പ്രശ്നങ്ങൾവേറെ പലയിടത്തായി കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി കേൾക്കുന്നു. ഇങ്ങനെയുള്ള മിക്കകേസുകളിലും ടൈലുകൾ കുറേശ്ശ ആയി ഇളകിപ്പോരുകയല്ല ചെയ്യുന്നത്. ഒരു പ്രേത സിനിമയിൽ എന്നപോലെ നിലത്തു വിരിച്ച ടൈലുകൾ അപ്രതീക്ഷിതമായനേരത്ത് പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന ചെയ്യുന്നത്.
ഈ പൊട്ടിത്തെറിക്കൽ പല ഘട്ടങ്ങളായി നടക്കാം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒരു അന്വേഷണം നടത്തേണ്ടതുണ്ട് എന്നുതോന്നി, അന്വേഷണങ്ങളുടെ അപ്പോസ്തലനായ സാക്ഷാൽ സേതുരാമയ്യരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ഇറങ്ങി.


ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി പോലുള്ള ശ്രേഷ്ഠ സ്ഥാപനങ്ങളിൽ പഠിച്ച ചില അദ്ധ്യാപകരുമായും, അറിവും അനുഭവസമ്പത്തും കൈമുതലായുള്ള ചില പഴയകാല എൻജിനീയർമാരുമായും ചർച്ച നടത്തി. ആ അന്വേഷണത്തിലെ ചില കണ്ടെത്തലുകളാണ് ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നത്. എന്നാൽ ഇക്കാര്യം ചർച്ച ചെയ്യും മുന്നേ അടിസ്ഥാനപരമായ ചില വസ്തുതകൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ വീട്ടിലാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടായത് എങ്കിൽ നമ്മൾ പ്രാഥമികമായി കുറ്റപ്പെടുത്തുന്നത് രണ്ടുപേരെയാണ്. ഒന്ന് ടൈൽ നിർമ്മാതാവിനെ, രണ്ട് കോൺട്രാക്ടറെ.


എന്നാൽ ഈ ഒരവസ്ഥക്ക് കാരണം ഈ പറഞ്ഞ രണ്ടുപേരും ആയിക്കൊള്ളണം എന്ന് യാതൊരു നിർബ്ബന്ധവും ഇല്ല, ആയിക്കൂടാ എന്നും ഇല്ല. കാരണം, ടൈൽ ഇളകിപ്പോരുന്നതിന്റെ വിവിധങ്ങളായ പത്തോ ഇരുപതോ കാരണങ്ങളിൽ രണ്ടെണ്ണം മാത്രമാണ് നിർമ്മാണത്തിലെ അപാകതയും, ടൈൽ വിരിക്കുന്നതിലെ പാകപ്പിഴയും. ഒരു സ്റ്റാൻഡേർഡ് കമ്പനിയുടെ ഉൽപ്പന്നമായ ടൈലിനെ സംബന്ധിച്ചിടത്തോളം നിർമ്മാണത്തിൽ ഉണ്ടായേക്കാവുന്ന അപാകതക്കുള്ള സാദ്ധ്യത ഇല്ലന്നല്ല, എന്നാൽ അതിനുള്ള സാദ്ധ്യത വളരെ കുറവാണ്.
കാരണം, കമ്പനിക്കാർ ഒരു ടൈൽ ഉണ്ടാക്കിയാൽ അത് ചുമ്മാ നേരെ ലോറിയിൽ കയറ്റി സൈറ്റിലേക്ക് പറഞ്ഞയക്കുക അല്ല ചെയ്യുന്നത്.
ഏതാണ്ട് പത്തിലധികം ലാബോറട്ടറി ടെസ്റ്റുകൾ നടത്തി, അവയിൽ എല്ലാം വിജയിച്ച സാധനമാണ് നമുക്ക് ലഭിക്കുന്നത്. പിന്നെ എങ്ങനെയാണ് ഇത് സംഭവിക്കുന്നത്..? നമുക്ക്‌നോക്കാം.


ഏതൊരു എൻജിനീയറിങ് നിർമ്മിതിയും രൂപകൽപ്പന ചെയ്യുമ്പോൾ, നിർമ്മിക്കുമ്പോൾ, ഒക്കെ അത് കടന്നുപോകേണ്ട സാഹചര്യങ്ങളെപ്പറ്റി, അതിൽ അനുഭവപ്പെടാവുന്നലോഡുകളെപ്പറ്റി ഒരു മുൻധാരണ ഉണ്ടാവും. അത് ഹരിശ്രീ അശോകേട്ടന്റെ വീട്ടിലെ ടൈലിന്റെ കാര്യത്തിൽ ആയാലും ശരി, അങ്ങ് മുകളിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കാര്യത്തിൽ ആയാലും ശരി.
ഈ കണക്കുകൂട്ടൽ തെറ്റുമ്പോൾ, അഥവാ അപ്രതീക്ഷിതമായ ഒരു സാഹചര്യത്തെ ഈ ഉൽപ്പന്നത്തിന്‌നേരിടേണ്ടി വരുമ്പോൾ അത് തകർന്നുപോകും.


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കാര്യം അമേരിക്ക ചിന്തിക്കും എന്നതിനാലും, നമ്മുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടാത്തതിനാലും നമുക്ക് ഹരിശ്രീ അശോകേട്ടന്റെ വീട്ടിലെ ടൈലിനെ പറ്റി പരിശോധിക്കാം, ഒപ്പംവേറെ ചില സാഹചര്യങ്ങളും പരിശോധിക്കാം.


ഒരു ടൈൽ രൂപകൽപ്പന ചെയ്യുമ്പോൾ പ്രധാനമായും പരിഗണിക്കപ്പെടുന്ന ലോഡ് പൊതുവെ നിസ്സാരമാണ്. പ്രസ്തുത ടൈലിന് മുകളിലൂടെ നടക്കുന്ന ആളുകളുടെ ഭാരം, ടൈലിന്മേൽ ഫർണിച്ചറുകൾ സൃഷ്ടിക്കുന്ന ഭാരം, ഈ ഭാരങ്ങളുടെ ദിശ എന്നിവക്ക് അപ്പുറം കാര്യമായ പരിഗണനകൾ ഒന്നും ഇവിടെ വരുന്നില്ല, സാധാരണ ഗതിയിൽ ആവശ്യവും ഇല്ല. എങ്കിൽ പിന്നെ എവിടെനിന്നാണ് ഈ അപ്രതീക്ഷിതലോഡുകൾ വരുന്നത് ..?


പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം, അതാണ് പത്തോ ഇരുപതോ കാരണങ്ങൾ ഉണ്ടെന്നു പറഞ്ഞത്. മുഴുവൻ ചർച്ച ചെയ്യാൻ നിന്നാൽനേരം വെളുക്കും, നിങ്ങൾക്ക്‌ബോറടിക്കും. അതുകൊണ്ടു പ്രധാനമായ ഒന്നുരണ്ടു കാരണങ്ങൾ നമുക്ക് ചർച്ച ചെയ്യാം.
ഇതിൽ ഒന്നാണ് സ്ട്രക്ച്ചറൽ എൻജിനീയർമാർ ബെൻഡിങ് സ്‌ട്രെസ് എന്ന് വിളിക്കുന്ന, നമുക്കൊന്നും കണ്ണുകൊണ്ടു കാണാൻ കഴിയാത്ത ഒരു സാധനം.


ലളിതമായി വിശദമാക്കാം. ഒരു ബീമോ, സ്ളാബോലോഡ് ചെയ്യപ്പെടുമ്പോൾ, അഥവാ സ്വയം ഭാരം തന്നെ അതിൽ അനുഭവപ്പെടുമ്പോൾ അത്‌നേരിയതോതിൽ ഒന്ന് താഴോട്ടു വളയും. ഈ വളയലിനെ ആണ് ' സാഗിങ് ' എന്ന് വിളിക്കുന്നത്.
ഇങ്ങനെ സ്ളാബ് താഴോട്ടു വലയുമ്പോൾ അതിന്റെ അടി ഭാഗത്തെ ലെയറുകൾ വലിഞ്ഞു മുറുകും. മുകൾ വശത്തെ ലെയറുകൾ ഒന്ന് ഞെരിയും. ഈ ഞെരിയലിനെയാണ് ബെൻഡിങ് സ്‌ട്രെസ് എന്ന് വിളിക്കുന്നത്.


ഇനിയും ഈ വിഷയം മനസ്സിലാവാത്തവർ സ്വന്തം കൈപ്പത്തി ഒന്ന് താഴോട്ടു വളച്ചുനോക്കിയാൽ മതി, ഈസിയായി കാര്യം പിടികിട്ടും.
ഉള്ളം കൈയിലെപേശികൾ വലിഞ്ഞു മുറുകുമ്പോൾ, മുകൾ വശത്തെപേശികൾ ഞെരിഞ്ഞമരും. ഈ ഞെരിയാൽ ആണ് ബെൻഡിങ് സ്‌ട്രെസ് എന്ന് സാമാന്യമായി പറയാം.


സ്ളാബിന്റെകേസിൽ ഈ ഞെരിയാൽ ഏറ്റവും അധികം അനുഭവപ്പെടുന്നത് ഏറ്റവും മുകളിൽ ഉള്ള ടൈലിൽ ആണ്. കേൾക്കുമ്പോൾ നിസ്സാരം എന്ന്‌തോന്നാമെങ്കിലും ഇത്തരം സമ്മർദ്ദങ്ങളും, വലിവ് ബലങ്ങളും ഒക്കെ നമ്മുടെ ചിന്താശേഷിക്കും ഒക്കെ എത്രയോ മുകളിലാണ്, ഭീകരമാണ്. മുൻ നിശ്ചയിക്കാത്ത ഒരുലോഡ്, നിശ്ചയിക്കപ്പെടാത്ത ദിശയിൽ നിന്ന് അനുഭവപ്പെടുമ്പോൾ ടൈൽ പൊട്ടും, ഒരു സംശയവുംവേണ്ട. സിറാമിക് ടൈലിന്റെ ' ബ്രിട്ടിൽനെസ് 'എന്ന സ്വഭാവ സവിശേഷത കൂടി ആകുമ്പോൾ ഈ പൊട്ടിത്തെറിയുടെ ആക്കം കൂടും.


അപ്പോൾ സ്വാഭാവികമായി ഉയരുന്ന ഒരുചോദ്യമുണ്ട്. ഏതാണ്ട് തൊണ്ണൂറുകളുടെ മദ്ധ്യം മുതൽ ഇവിടെ ടൈൽ ഉപയോഗം വ്യാപകമാണ്. എന്നിട്ടും ഇപ്പോൾ മാത്രം ഇത് കൂടുതലായി കാണപ്പെടാൻ എന്താണ് കാരണം ..? ചോദ്യം ന്യായമാണ്. ഉത്തരവും ഉണ്ട്.


മുൻകാലങ്ങളെ അപേക്ഷിച്ചു വീടുകളിലെ റൂം വലുപ്പം കൂടി. എൻജിനീയറിങ് ഭാഷയിൽ പറഞ്ഞാൽ സ്പാനുകൾ വർധിച്ചു.
കൃത്യമായ സ്ട്രക്ച്ചറൽ കൺസൾട്ടേഷൻ, സൂപ്പർ വിഷൻ ഇല്ലാതെ സ്പാനുകൾ വർധിപ്പിക്കുമ്പോൾ ഞാൻനേരത്തെ പറഞ്ഞ സാഗിങ് വർധിക്കും, ആനുപാതികമായി ബെൻഡിങ് സ്‌ട്രെസ് വർദ്ധിക്കും.


ടൈലുകളുടെ വലുപ്പം കൂടിയതും. ടൈലുകൾക്കിടയിലെനേരിയ സമ്മർദ്ദങ്ങളെ ആവാഹിക്കാൻ കഴിവുണ്ടായിരുന്നുജോയിന്റുകൾ 'ജോയിന്റ് ഫ്രീ ടൈലുകളുടെ ' വരവോടെ അപ്രത്യക്ഷമായതും ഈ സമ്മർദ്ധം ടൈലുകളിൽ തന്നെ നിക്ഷിപ്തമാക്കി. എന്നാൽ ഈ സ്ളാബ് പ്രശ്നങ്ങൾ ഇല്ലാത്ത ഗ്രൗണ്ട് ഫ്‌ളോറിലും ഈ വിഷയം ഉണ്ടാകുന്നുണ്ടല്ലോ ..? ഉണ്ട്.


സാഗിങ് എന്നത് സ്ളാബിൽ മാത്രം ഉണ്ടാകുന്ന ഒന്നല്ല, കൃത്യമായി നിർമ്മിക്കാത്ത ഫ്‌ളോറിലും ഇതുണ്ടാകാം. നിലവിൽ വലിയൊരു ശതമാനം സൈറ്റുകളിലും ഫ്‌ളോർകോൺക്രീറ്റിങ് നടക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ല. എന്നാൽ ഹരിശ്രീ അശോകൻചേട്ടന്റെ വീട്ടിലും, സമാന സംഭവങ്ങൾ അരങ്ങേറിയ ഇടങ്ങളിലുംമേൽപ്പറഞ്ഞ ഒരൊറ്റ കാരണം കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് ഞാൻ പറയുന്നില്ല. മേൽ പ്രസ്താവിച്ച പത്തിരുപതു കാരണങ്ങൾ ഏതുമാകാം, ഒന്നിലധികം കാരണങ്ങളുടെ സംയുക്ത ഫലമാകാം. രസകരമായ ചില കാരണങ്ങൾ സമയംപോലെ പിന്നീട് ചർച്ച ചെയ്യാം.


ഇതൊക്കെ വിശദമായ പരിശോധനകൾക്കുശേഷം മാത്രം തീരുമാനിക്കേണ്ട കാര്യമാണ്, യഥാർത്ഥ വിദഗ്ദന്മാർ അഭിപ്രായം പറയേണ്ട വിഷയമാണ്. അല്ലാതെ ഇതിന്റെയൊന്നും ഹരിശ്രീപോലും അറിയാത്തസോഷ്യൽ മീഡിയാ വിദഗ്ധരെ അല്ല ഇവിടെയൊന്നും അഭിപ്രായം പറയാൻ ആശ്രയിക്കേണ്ടത്.
ബൈ ദി ബൈ മിസ്റ്റർ പെരേര,
മുറിവൈദ്യൻ ആളെ കൊല്ലും എന്നാണ് അങ്ങ് ഉട്ടോപ്പ്യയിലെ പഴംചൊല്ല് ..''

TAGS: HOME, TILE FRACTURE, TILE CRACKING, SURESH MADATHIL VALAPPIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.