കൊച്ചി: ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ക്ളാർക്കിന്റെ ജോലി പ്രിൻസിപ്പൽ ചെയ്യണമെന്നും അദ്ധ്യാപകർക്ക് ദിവസം രണ്ടു മണിക്കൂറിലേറെ ജോലിഭാരം വരാത്തതിനാൽ ലൈബ്രേറിയന്റെ ചുമതലകൂടി വഹിക്കണമെന്നും സർക്കാർ.
ഹയർ സെക്കൻഡറി മേഖല സർക്കാരിന് സാമ്പത്തികഭാരമാണെന്നും അത്യാവശ്യമല്ലാത്ത തസ്‌തികകൾ സാമ്പത്തികപ്രയാസം സൃഷ്‌ടിക്കുമെന്നും വിദ്യാഭ്യാസ ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.
പെരുമ്പാവൂർ വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ ക്ളാർക്ക്, ലൈബ്രേറിയൻ, മീനിയൽ (തൂപ്പ് മുതലായ ജോലികൾ) തസ്‌തികകൾ അനുവദിക്കണമെന്ന മാനേജരുടെ അപേക്ഷ നിരസിച്ച ഉത്തരവിലാണ് പരാമർശങ്ങൾ.
ഉത്തരവ് അവഹേളനമാണെന്നും പ്യൂൺ, ക്ലാർക്ക് ജോലികൾ പ്രിൻസിപ്പലിന്റെ ഉത്തരവാദിത്വമെന്ന നിലപാട് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണെന്നും അദ്ധ്യാപക സംഘടനകൾ ആരോപിച്ചു.
ഹയർ സെക്കൻഡറിയിൽ ക്ളാർക്ക്, ലൈബ്രേറിയൻ, ഫുൾടൈം മീനിയൽ തസ്‌തികകൾ അനുവദിച്ചിട്ടില്ലെന്നാണ് ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. ഹയർ സെക്കൻഡറിയിൽ മുഴുവൻസമയ ക്ളാർക്കിന് ജോലിയൊന്നുമില്ല. ക്ളാർക്ക് ജോലികൂടി ചെയ്യാനാണ് പ്രിൻസിപ്പലിന് അദ്ധ്യാപനം ആഴ്‌ചയിൽ എട്ടു പീരിയഡാക്കിയത്. ലൈബ്രറിയുള്ള സ്‌കൂളുകളിൽ ഒരു അദ്ധ്യാപകന് ചുമതല നൽകിയാൽ മതിയാവും.
പിടിപ്പതു ജോലിയെന്ന് അദ്ധ്യാപകർ
ഉത്തരവ് വസ്തുതാപരമല്ലെന്ന് അദ്ധ്യാപകർ പറഞ്ഞു. പ്രൈമറി, സെക്കൻഡറി ക്ലാസുകളിലെ യൂണിഫോം കണക്കുകൾ, ഭൗതിക സൗകര്യങ്ങൾ, നിർമ്മാണം, ബി.ആർ.സികളുമായി ബന്ധപ്പെട്ട നടപടികൾ, സുരക്ഷ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ പ്രിൻസിപ്പലാണ് വഹിക്കുന്നത്. ആഴ്ചയിൽ 25 പീരിയഡ് വരെ ക്ലാസും എടുക്കേണ്ടിവരുന്നുണ്ട്.
രാവിലെ ഒമ്പതു മുതൽ നാലേ മുക്കാൽ വരെ അദ്ധ്യയനമുള്ള ഹയർ സെക്കൻഡറിയിൽ സീനിയർ അദ്ധ്യാപകൻ ആഴ്ചയിൽ 25 പീരിയഡ് വരെ പഠിപ്പിക്കണം. ലാബ്, രേഖകൾ ക്രമപ്പെടുത്തൽ, മൂല്യനിർണയം തുടങ്ങിയ പ്രവർത്തനങ്ങളും ചെയ്യണം. ഏകജാലകപ്രവേശനം, പരീക്ഷാജോലികൾ, പത്തോളം സ്‌കോളർഷിപ്പുകൾ, കേന്ദ്രസർക്കാരിന്റെ വിവരശേഖരണങ്ങൾ തുടങ്ങിയവയ്ക്കായി സ്‌കൂൾ സമയത്തിനു ശേഷവും ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്ന് അദ്ധ്യാപകർ പറഞ്ഞു.
സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തി അദ്ധ്യാപകരെയും പ്രിൻസിപ്പൽമാരെയും അപഹസിക്കുന്ന ഉത്തരവ് പിൻവലിക്കണം.
- കെ. വെങ്കിടമൂർത്തി (പ്രസിഡന്റ് )
അനിൽ എം. ജോർജ് (ജനറൽ സെക്രട്ടറി)
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |