ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ പാകിസ്ഥാനുള്ള മറുപടി നൽകിയതിനൊപ്പം അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ ആഗോള സമവായം സൃഷ്‌ടിക്കാനും സഹായിച്ചെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ലോക്‌സഭയിൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിൽ യു.എസ് ഇടപെടലുണ്ടായില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
അതിർത്തി കടന്നുള്ള ഭീകരതയിലെ പാക് പങ്കിനെക്കുറിച്ച് ലോകത്തെ അറിയിച്ച ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ വിദേശനയത്തിലെ നാഴികക്കല്ലായി. ഭീകരതയെ പാകിസ്ഥാൻ രാഷ്‌ട്രീയ നയമാക്കുന്നത് ലോകത്തെ അറിയിച്ചത് യു.എൻ സുരക്ഷാ കൗൺസിൽ അടക്കം ശരിവച്ചു. ഏപ്രിൽ 25 മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ താൻ 27 ഫോൺ കോളുകളും പ്രധാനമന്ത്രി മോദി ഏകദേശം 20 കോളുകളും നടത്തി. ഇന്ത്യയ്‌ക്ക് പിന്തുണയുമായി ഏകദേശം 35–40 കത്തുകൾ ലഭിച്ചുവെന്നും ജയശങ്കർ പറഞ്ഞു.
അതേസമയം,പഹൽഗാം ആക്രമണമുണ്ടായ ഏപ്രിൽ 22 മുതൽ ജൂൺ 17 വരെ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ട്രംപും ഒരിക്കലും ഫോണിൽ സംസാരിച്ചിട്ടില്ല. ആക്രമണം നിറുത്താൻ പാകിസ്ഥാനാണ് സന്നദ്ധത പ്രകടിപ്പിച്ചത്. ടി.ആർ.എഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ സഹായിച്ചതിൽ അടക്കം യു.എസ് പ്രധാന പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി നൽകും.
പരീക്ഷ ജയിച്ചു: രാജ്നാഥ്
ഇന്ത്യൻ സൈനികർക്ക് പരിക്കേൽക്കാതെ ഓപ്പറേഷൻ സിന്ദൂർ പൂർത്തിയാക്കിയത് നേട്ടമാണെന്ന് ചർച്ചയ്‌ക്ക് തുടക്കമിട്ട പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ എല്ലാ ലക്ഷ്യങ്ങളും നേടി. പരീക്ഷയ്‌ക്കിടെ പെൻസിൽ ഒടിഞ്ഞോ പേന നഷ്ടപ്പെട്ടോ എന്നതല്ല,ഫലങ്ങളാണ് പ്രധാനം-പ്രതിപക്ഷ വിമർശനത്തിന് മറുപടിയായി രാജ്നാഥ് പറഞ്ഞു.
അയൽക്കാരുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന ഇന്ത്യൻ നയത്തെ പാകിസ്ഥാൻ ബലഹീനതയായി തെറ്റിദ്ധരിച്ചു. ബാലക്കോട്ട് മുതൽ ഇന്ത്യ ശക്തമായി പ്രതികരിക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിൽ സായുധ സേന നിശ്ചയിച്ച ലക്ഷ്യങ്ങൾ പൂർണമായും നേടി. നമ്മുടെ എത്ര വിമാനങ്ങൾ തകർന്നു എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം ദേശീയ വികാരത്തിനെതിരാണ്. നമ്മുടെ സേന ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്‌ത്തിയതും ഭീകര കേന്ദ്രങ്ങൾ നശിപ്പിച്ചതുമാണ് ചോദിക്കേണ്ടത്. പഹൽഗാം ആക്രമണം നടന്ന് 100 ദിവസമായിട്ടും ഭീകരരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് എം.പി ഗൗരവ്യ് ഗൊഗോയ് കുറ്റപ്പെടുത്തി. ഡ്രോൺ,പെഗാസസ്,ഉപഗ്രഹങ്ങൾ,കേന്ദ്ര സേന എല്ലാം ഉണ്ടായിട്ടും ഭീകരർ എങ്ങനെ എത്തിയെന്ന് പ്രതിരോധ മന്ത്രിക്ക് ഉത്തരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |