SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.59 PM IST

67ാം വയസിൽ പത്താംക്ളാസ് വിദ്യാർത്ഥി, ഇന്ദ്രൻസ് സാക്ഷരതാ മിഷൻ അംബാസഡറാകും

Increase Font Size Decrease Font Size Print Page

indrans

തിരുവനന്തപുരം:നാലാം ക്ലാസിൽ പഠനം മുറിഞ്ഞ്, വീട്ടുകാർ തയ്യൽ പഠിക്കാൻ അയച്ച ഇന്ദ്രൻസ് സാക്ഷരതാ മിഷന്റെ ബ്രാൻഡ് അംബാസഡറാകും. സാക്ഷരതാ മിഷൻ സർക്കാരിന് ശുപാർശ നൽകും. തുല്യതാ പഠനങ്ങളുടെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായാണിത്.

സ്‌കൂൾ വിദ്യാഭ്യാസം മുടങ്ങി തയ്യൽ മെഷീനിൽ ജീവിതം തുന്നിച്ചേർത്ത ഇന്ദ്രൻസ് സിനിമയിൽ മഹാനടനായപ്പോഴും പഠിക്കാൻ കഴിയാത്തതിന്റെ നൊമ്പരം തുറന്നു പറഞ്ഞിട്ടുണ്ട്. ആ സങ്കടം തീർക്കാൻ കൂടിയാണ് ഇപ്പോൾ 67ാം വയസിൽ പത്താംതരം തുല്യതാ പഠനത്തിന് ചേർന്നത്.

ഞായറാഴ്ച ക്ളാസുകളിലൂടെ പത്താംതരം പാസാകാമെന്ന് അറിഞ്ഞപ്പോൾ ആവേശമായെന്ന് ഇന്ദ്രൻസ് കേരളകൗമുദിയോട് പറഞ്ഞു. ജീവിതസാഹചര്യങ്ങളാണ് വിദ്യാഭ്യാസം മുടക്കിയത്. എന്റെ കുട്ടിക്കാലത്ത് നാലാം ക്ളാസിലെത്തുമ്പോഴേക്കും ആൺകുട്ടികളുടെ പഠനം നിലയ്ക്കുമായിരുന്നു. റേഷൻ പോലും കിട്ടാൻ വിഷമിച്ചിരുന്ന കാലമല്ലേ. അല്പം മുതിർന്നാൽ ആൺകുട്ടി ഉപജീവനം തേടിക്കൊള്ളണം. എന്റെ കൂടെ പഠിച്ചവരൊക്കെ നാലാംക്ളാസ് കഴിഞ്ഞപ്പോഴേ ബീഡി തെറുക്കാനും കെട്ടിടം പണിക്കുമൊക്കെ പോയിത്തുടങ്ങി. വീട്ടുകാർ എന്നെ തയ്യൽ പഠിക്കാനയച്ചു. അത് ഉപജീവനമാർഗമായി.

പത്തുമാസത്തെ തുല്യതാ ക്ളാസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്‌കൂളിലാണ്. ദൂരെ ഷൂട്ടിംഗ് ഉള്ളപ്പോൾ എല്ലാ ഞായറാഴ്ചയും ക്ളാസിനെത്താനാവുമോ എന്ന ടെൻഷനുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു.

..................................

---മലയാളികളുടെ പ്രിയനടൻ ഇന്ദ്രൻസിനെ പത്താംതരം തുല്യതാ പഠനത്തിന് ചേർന്നതിൽ അഭിനന്ദിക്കുന്നു. വിദ്യാഭ്യാസം പരീക്ഷകൾ പാസാകലോ ഉന്നതബിരുദങ്ങൾ നേടലോ മാത്രമല്ല, വിശാലമായ ലോകവീക്ഷണവും മനുഷ്യപ്പറ്റും ആർജിക്കുക കൂടിയാണ്. അത് രണ്ടും വേണ്ടുവോളമുള്ള മഹാനടനാണ് ഇന്ദ്രൻസ്. വിദ്യാസമ്പന്നരായ പലർക്കും മാതൃകയാക്കാവുന്ന, പലരിലും കാണാത്ത സ്വഭാവ സവിശേഷതകളുമുള്ള ആളുമാണ്. ഇന്ദ്രൻസിന്റെ തുല്യതാപഠനം സാക്ഷരതാ മിഷനും തുടർവിദ്യാഭ്യാസ പദ്ധതിക്കുമുള്ള അംഗീകാരമാണ്.

മന്ത്രി എം.ബി രാജേഷ്

......................

ദേശീയ സിനിമാ പുരസ്കാര ജേതാവായ ഇന്ദ്രൻസിന് പത്താംതരം പാസ്സായില്ലെങ്കിലും ഒന്നും സംഭവിക്കില്ല. പക്ഷേ അദ്ദേഹത്തിന്റെ മഹത്തായ തീരുമാനം സാധാരണക്കാർക്ക് പ്രചോദനവും സാക്ഷരതാ മിഷന് ഇന്ധനവുമാണ്. അതിനാലാണ് അദ്ദേഹത്തെ അംബാസഡറാക്കുന്നത്.

എ.ജി.ഒലീന

ഡയറക്‌ടർ,​

സാക്ഷരതാ മിഷൻ

TAGS: INDRANS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY