
തിരുവനന്തപുരം: ഹാസ്യ, സ്വഭാവ വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന നടൻ ജഗദീഷ് സപ്തതി നിറവിൽ. 'തീയതിയാണ് നോക്കുന്നതെങ്കിൽ എന്റെ പിറന്നാൾ 21ന് കഴിഞ്ഞു. നക്ഷത്രം നോക്കുകയാണെങ്കിൽ തിരുവാതിര ഇന്നലെ വൈകിട്ടു തുടങ്ങി. ഇന്നുരാവിലെ വരെയുണ്ട്'. പിറന്നാൾ ആശംസ അറിയിച്ചപ്പോൾ ജഗദീഷിന്റെ വിശദീകരണം.
ഏറ്റുമാനൂരിലെ ലൊക്കേഷനിലാണ് ഇപ്പോൾ ജഗദീഷ്. ഇന്നു രാവിലെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തും. അതിനപ്പുറത്തേക്ക് ആഘോഷമൊന്നുമില്ല. ജീവിതത്തിൽ ഗൗരവക്കാരനായ കോളേജ് അദ്ധ്യാപകനായിരിക്കെ വെള്ളിത്തിരയിൽ പൂവാലനായ കോളേജ് കുമാരനായി ഉൾപ്പെടെ പ്രേക്ഷകരെ ചിരിപ്പിച്ചതിന്റെ ക്രെഡിറ്റ് ജഗദീഷിനു മാത്രമുള്ളതാണ്.
എം.കോമിന് റാങ്ക് നേടി തിരുവനന്തപുരം എം.ജി കോളേജിൽ ലക്ചറർ ആയാണ് അദ്ധ്യാപന കരിയർ ആരംഭിച്ചത്. 1984ൽ പുറത്തിറങ്ങിയ 'മൈ ഡിയർ കുട്ടിച്ചാത്തനി'ലൂടെ അഭിനയ രംഗത്തെത്തെത്തി. 1990ൽ പുറത്തിറങ്ങിയ 'ഇൻ ഹരിഹർ നഗർ' സൂപ്പർ ഹിറ്റായതോടെ സിനിമയിൽ തിരക്കേറി. തുടർന്ന് ജോലിയിൽനിന്ന് ദീർഘകാല അവധിയെടുത്തു. തുടർച്ചയായ ഹിറ്റുകൾ നായക നടനായി ഉയർത്തി. വില്ലനായും സ്വഭാവനടനായും തിളങ്ങി.
'അധിപൻ' ഉൾപ്പെടെ ഏതാനും ചിത്രങ്ങൾക്ക് തിരക്കഥയുമെഴുതി. 2016ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്തുനിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. ഭാര്യ ഫോറൻസിക് സർജനായിരുന്ന പരേതയായ പി. രമ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |