
സർവലക്ഷണങ്ങളോടുകൂടിയ കേരളത്തിലെ ഏകച്ഛത്രാധിപതി പട്ടമുള്ള ഒരേയൊരു ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. തലപൊക്കത്തിലും എടുപ്പിലും രാമചന്ദ്രൻ എപ്പോഴും മറ്റ് ആനകളുടെ മുന്നിൽ തന്നെ നിൽക്കും. കേരളത്തിലെ ഏറ്റവും ഉയരമുള്ള നാട്ടാനയെന്ന ഖ്യാതിയും ആനപ്രേമികളുടെ രാമന് സ്വന്തം. 10.53 അടി അതായത് 3.2 മീറ്ററാണ് രാമചന്ദ്രന്റെ ഉയരം. കേരളത്തിലെ അങ്ങോളമിങ്ങോളം നടക്കുന്ന പൊതുപരിപാടികളിൽ രാമനെത്തിയാൽ അവിടം ജനങ്ങളാൽ നിറഞ്ഞു കവിയുമെന്നുറപ്പാണ്.തൃശൂർ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുക്കാവിലെ ആനയാണ് രാമചന്ദ്രൻ.
വിശേഷണങ്ങളേറെയുള്ള രാമചന്ദ്രന് സോഷ്യൽമീഡിയയിലും ലക്ഷകണക്കിന് ആരാധകരാണ്. ഇപ്പോഴിതാ രാമചന്ദ്രന്റെ പുതിയ വിശേഷങ്ങൾ പ്രിയ പാപ്പാനും പ്രധാനിയുമായ നെന്മാറ രാമൻ കേരളകൗമുദി ഓൺലൈനുമായി പങ്കുവയ്ക്കുകയാണ്. പാലക്കാട് നെന്മാറ സ്വദേശിയായ രാമൻ തൃശൂർക്കാരുടെ രാമേട്ടനാണ്. ആനപാപ്പാനെന്നത് ഒരു ജോലിയല്ലെന്നും കലയാണെന്നുമാണ് രാമേട്ടൻ പറയുന്നത്. 23-ാം വയസിൽ പാപ്പാൻമാരെ സഹായിക്കാനെത്തിയ രാമേട്ടൻ ഇപ്പോൾ രാമചന്ദ്രന്റെ ഓരോ ചെറിയ ചലനങ്ങൾവരെ മനസിലാക്കാൻ കഴിയുന്ന മുഖ്യപാപ്പാനാണ്.

കഴിഞ്ഞ നാലുമാസമായി രാമചന്ദ്രൻ മദപ്പാടിലാണ്. ജനുവരി പകുതിയോടെ രാമന്റെ നീരുകാലം പൂർത്തിയാകുമെന്നാണ് പാപ്പാൻ പറയുന്നത്. പൂർണആരോഗ്യവാനായിരിക്കുമ്പോൾ കുട്ടികൾക്കുവരെ അടുത്ത് ചെന്ന് ശർക്കരയും പട്ടയും കൊടുക്കാം. എന്നാൽ ഈ സമയത്ത് രാമനെ കടുത്ത സുരക്ഷയോടെയാണ് പാർപ്പിച്ചിരിക്കുന്നത്. പ്രിയ പാപ്പാനെ പോലും രാമൻ ഈ സമയത്ത് അടുപ്പിക്കാറില്ല. ഇതിന്റെ വീഡിയോകൾ ഇതിനകംതന്നെ സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു.
നിലവിൽ നാല് പാപ്പാൻമാരാണ് രാമചന്ദ്രനുള്ളത്. പ്രത്യേകമായി സജീകരിച്ച ആനക്കൊട്ടിലിൽ രണ്ട് കാലുകളിലും വൻവടങ്ങളും ചങ്ങലകളും ചേർത്താണ് ബന്ധിപ്പിച്ചിരിക്കുന്നത്. അകലെ നിന്നാണ് തീറ്റയും പട്ടയും ഇട്ടുകൊടുക്കുന്നത്. മദപ്പാടിനുള്ള ചികിത്സയ്ക്ക് വെറ്ററിനറി ചികിത്സയുമായി യാതൊരു ബന്ധവുമില്ലന്നാണ് നെൻമാറ രാമൻ പറയുന്നത്. മദപ്പാടിനായി പ്രത്യേക ചികിത്സകളുണ്ട്. അവ ചെയ്യാറില്ല. 90 ദിവസമാണ് പഴയ കണക്ക്. ആനകളുടെ ആരോഗ്യത്തിനനുസരിച്ച് ഈ ദിവസങ്ങളിൽ മാറ്റം വരും. രാമചന്ദ്രന് കഴിഞ്ഞ നാല് മാസമായി നീരുകാലമാണ്. മദപ്പാടില്ലാത്ത സമയത്ത് പാപ്പാൻമാരോട് ഒരു കുട്ടിയെപോലെയാണ് രാമചന്ദ്രൻ പെരുമാറുന്നത്.

ഇതിനുമുന്നോടിയായി തന്നെ രാമചന്ദ്രനെ ആരോഗ്യവാനാക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്ന് പാപ്പാൻ പറയുന്നു. അതിനായി മാസങ്ങളോളം പൊടിച്ച ധാന്യം (കടല, ഗോതമ്പ്, പയർ) കൊടുക്കും. മദപ്പാടില്ലാത്ത സമയത്ത് തെച്ചിക്കോട്ട് കാവിന്റെ പരിസരത്തും യാതൊരു ബന്ധനങ്ങളുമില്ലാതെയാണ് രാമചന്ദ്രൻ കഴിയുന്നത്. ജനുവരിയോടെ ചികിത്സ പൂർത്തിയാകുന്ന രാമചന്ദ്രനെ തൃശൂർ ജില്ലയിലെ പാവറട്ടിയിലെ ഒരു പരിപാടിയിലായിരിക്കും എഴുന്നള്ളിപ്പിക്കുകയെന്നും പാപ്പാൻ അറിയിച്ചു.
മോട്ടി പ്രസാദ് രാമചന്ദ്രനായി
1964ൽ ബീഹാറിൽ ജനിച്ച ആനയെ ആനച്ചന്തയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ മോട്ടി പ്രസാദെന്നായിരുന്നു പേര്. പിന്നീട് തൃശൂരിലെ വെങ്കിടാദ്രിസ്വാമി വാങ്ങിയപ്പോൾ ഗണേശനെന്ന് പേരിട്ടു. 1984ലാണ് പേരാമംഗലം തെച്ചിക്കോട്ട് ദേവസ്വം ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകുകയായിരുന്നു. അമ്പത് വയസിലേറെ പ്രായമുള്ള രാമചന്ദ്രന് ഒരു കണ്ണിന് മാത്രമേ കാഴ്ചശക്തിയുള്ളൂ. പൊതുവിൽ ശാന്തനാണെങ്കിലും കൂട്ടാനയെ കുത്തുന്ന ചരിത്രമുണ്ട്. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ ചന്ദ്രശേഖരൻ എന്ന ആന രാമചന്ദ്രനാൽ ആക്രമിക്കപ്പെട്ട ശേഷം കുറച്ചു നാളുകൾക്കുള്ളിൽ ആന ചരിഞ്ഞതും വാർത്തയായതാണ്.

|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |