
കൊച്ചി: തൃശൂർ കേന്ദ്രമായി നടന്ന സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തു. സിനിമാ മേഖലയുമായി അടുപ്പമുള്ള ആപ്പ് ഉടമ സ്വാതിഖ് റഹിമുമായുള്ള ബന്ധം, പണമിടപാട് എന്നിവയെക്കുറിച്ചാണ് ഇ.ഡി ചോദിച്ചത്.
ഇന്നലെ ഉച്ചയോടെ കടവന്ത്രയിലെ ഇ.ഡി ഓഫീസിൽ ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് അഞ്ചോടെ അവസാനിച്ചു. സേവ് ബോക്സ് ആപ്പിന്റെ ബ്രാൻഡ് അംബാസഡറാകാൻ കരാർ ഒപ്പിട്ടിരുന്നോ, പണിമടപാടുകൾ നടത്തിയോ തുടങ്ങിയ വിവരങ്ങൾ തിരക്കി.
ആപ്പിൽ നിക്ഷേപമായും ഫ്രാഞ്ചൈസിക്കായും നിരവധിപേരിൽ നിന്ന് കോടികൾ തട്ടിയെടുത്തെന്ന പരാതികളിൽ 2023ൽ സ്വാതിഖിനെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. കേസിലെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പും കള്ളപ്പണയിടപാടുകളും ഇ.ഡി അന്വേഷിക്കുന്നത്. ഓൺലൈൻ ലേല ആപ്പ് എന്ന പേരിലാണ് സേവ് ബോക്‌സ് ആരംഭിച്ചത്. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ലേലത്തിലൂടെ വാങ്ങാമെന്നായിരുന്നു വാഗ്ദാനം. നിക്ഷേപകർക്ക് വലിയ വരുമാനവും വാഗ്ദാനം ചെയ്‌തിരുന്നു.
രണ്ടു സിനിമകളിൽ അഭിനയിച്ച സ്വാതിഖ് താരങ്ങളുടെ ഒപ്പമുള്ള ചിത്രങ്ങൾ ആപ്പിന്റെ പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ഇയാളുടെ ബാങ്കിടപാടുകളും ഇ.ഡി പരിശോധിച്ചിരുന്നു. തുടർന്നാണ് ജയസൂര്യയെ വിളിച്ചുവരുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |