
അബുദാബി: നാഷണൽ ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കൗൺസിലിന്റെ (എൻ.ഐ.ആർ.ഡി.സി) ഇന്റർനാഷണൽ ട്രേഡ് ചാൻസലറായി യു.എ.ഇ ആസ്ഥാനമായ റാക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ബി.ജയപ്രകാശൻ നിയമിതനായി.
യു.എ.ഇ ഉൾപ്പെടെ വിദേശ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുക എന്നതാണ് ദൗത്യം. ഇടത്തരം (എം.എസ്.എം.ഇ) വ്യവസായങ്ങളെയും വ്യാപാര മേഖലയെയും ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്നതിൽ നിയമനം നിർണായകമാകും. ഡൽഹിയിലെ മഹാരാഷ്ട്ര സദനിൽ സംഘടിപ്പിച്ച ദേശീയ കോൺക്ലേവിൽ കേന്ദ്രമന്ത്രി റാം ദാസ് അത്താവാലെ നിയമനപത്രം കൈമാറി. ഇന്ത്യൻ ബിസിനസുകൾക്ക് ആഗോളതലത്തിൽ സ്വീകാര്യത വർദ്ധിപ്പിക്കാനും വ്യാപാരികൾക്ക് രാജ്യാന്തര തലത്തിൽ ബിസിനസ് കെട്ടിപ്പടുക്കാനും ആവശ്യമായ നടപടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ബി.ജയപ്രകാശൻ പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് രാജ്യാന്തര വിപണിയിൽ സ്ഥിരം പ്രദർശനവേദികൾ ഒരുക്കുന്നതിനും ആഗോള നിക്ഷേപകരെയും ഉപഭോക്താക്കളെയും ഇന്ത്യൻ സംരംഭകരുമായി ബന്ധിപ്പിക്കുന്നതിനും നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാലു പതിറ്റാണ്ടായി യു.എ.ഇയിലെ ഓയിൽ ആൻഡ് ഗ്യാസ്,വേസ്‌റ്റ് മാനേജ്മെന്റ് തുടങ്ങി സങ്കീർണ മേഖലകളിൽ റാക്കോ ഗ്രൂപ്പിനെ മുൻനിരയിലെത്തിച്ചത് ബി.ജയപ്രകാശന്റെ നേതൃത്വത്തിലാണ്. സേവനം യു.എ.ഇ ചെയർമാനും എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |