കൊച്ചി: തോരാസങ്കടത്തിന്റെ കാർമേഘം മൂടിയ വീട്ടുമുറ്റത്തേക്ക് കളിചിരിയില്ലാതെ കല്യാണി. 'എന്റെ പൊന്നുമോളേ, അമ്മൂമ്മയുടെ പൂന്നാരെ..."" മുത്തശ്ശി രാജമ്മയുടെ പൊട്ടിക്കരച്ചിൽ. വീട്ടുമുറ്റം കണ്ണീർമഴയിൽ മുങ്ങി. കല്യാണിയുടെ മൃതദേഹം വാരിപ്പുണർന്ന് ചുംബിച്ച പിതാവ് സുഭാഷ് ചേതനയറ്റുനിന്നു. 'മകളെ ഇങ്ങനെ കാണാൻ അവന് ത്രാണിയില്ല." ആരോ ഉറക്കെപ്പറഞ്ഞു. സഹോദരൻ കാശിനാഥ് കണ്ണീരോടെ പൊന്നനുജത്തിയെ ഉമ്മവച്ചു. വിങ്ങിപ്പൊട്ടിയ ഇളയച്ഛന്മാരായ സുമേഷും സുധീഷും മുഖംപൊത്തി നിന്നു. നിറഞ്ഞുതുളുമ്പിയ കണ്ണുകളുമായി എല്ലാത്തിനും സാക്ഷിയായി നാട്ടുകാർ. റിമാൻഡിലായ അമ്മ സന്ധ്യ(35)യും ബന്ധുക്കളും അവിടെ എത്തിയിരുന്നില്ല.
പുത്തൻകുരിശ് ശാസ്താംമുഗൾ പണിക്കരുപടി കീഴ്പള്ളി വീട്ടിൽ സുഭാഷിന്റെ മകൾക്ക് നാലര വയസായിരുന്നു. മണിക്കൂറുകൾ നീണ്ട പ്രാർത്ഥനയെ വിഫലമാക്കി മരണക്കയത്തിലേക്ക് ആണ്ടുപോയ കല്യാണി ഇനി തിരികെവരില്ല. അമ്മ പുഴയിൽ എറിഞ്ഞുകൊലപ്പെടുത്തിയ പിഞ്ചോമനയുടെ മൃതദേഹം തറവാട്ടുവീട്ടിൽ പൊതുദർശനത്തിനു വച്ചശേഷം തിരുവാണിയൂർ പൊതുശ്മശാനത്തിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കരിച്ചു. ജനപ്രതിനിധികളടക്കം ആയിരങ്ങൾ കണ്ണീർപ്പൂക്കളാൽ ആദരാഞ്ജലി അർപ്പിച്ചു.
കല്യാണിയുടെ വേർപാട് മുത്തച്ഛൻ വേലായുധൻ അറിഞ്ഞിട്ടില്ല. വയറിന് ഗുരുതര അസുഖബാധിതനായി കോലഞ്ചേരി മെഡിക്കൽമിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്.
പുത്തനുടുപ്പുമായി ഇളയച്ഛൻ
അങ്കണവാടിയിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ കല്യാണിയെ തിങ്കളാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് അമ്മ ചാലക്കുടി പുഴയിലെറിഞ്ഞത്. മൂഴിക്കുളം പാലത്തിനു നടുവിലെ തൂണിൽ കുരുങ്ങിനിന്ന മരക്കൊമ്പുകൾക്കിടയിൽ തങ്ങിനിന്ന മൃതദേഹം രാത്രി 2.15ഓടെ പൊലീസ് കണ്ടെത്തി. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ 3.30ന് മൃതദേഹം വീട്ടിലെത്തിച്ചു. അവൾ ഓടിച്ചാടിനടന്ന തറവാട്ടുമുറ്റത്ത് പൊതുദർശനം. കുഞ്ഞു കല്യാണിക്ക് സമ്മാനമായി നൽകാൻ വാങ്ങിവച്ചിരുന്ന പുത്തനുടുപ്പും തൊപ്പിയും ഇളയച്ഛൻ സുമേഷ് മൃതദേഹത്തിൽവച്ച കാഴ്ച എല്ലാവരെയും കണ്ണീരിലാക്കി.
മകളെ ഇല്ലാതാക്കിയത്
മാനസിക വിഭ്രമം; പക
ബാബു പി. ഗോപാൽ
കോലഞ്ചേരി: പൂമ്പാറ്റയെപ്പോലെ പാറിനടന്ന കല്യാണി ഇല്ലാതായാൽ ഭർത്താവും ഭർതൃവീട്ടുകാരും കണ്ണീരിലാകുമെന്ന് കരുതിയാണ് സന്ധ്യ ഈ കടുംകൈ ചെയ്തതെന്നാണ് പൊലീസ് നിഗമനം.
സുഭാഷിന്റെ കുടുംബം 'ആൺവീട്" ആണ്. 12 വർഷം മുമ്പാണ് കീഴ്പള്ളി വീട്ടിലെ മൂന്ന് ആൺമക്കളിൽ മൂത്തയാളായ സുഭാഷിന്റെ ഭാര്യയായി സന്ധ്യ എത്തുന്നത്. പിറ്റേ വർഷം തൊട്ടടുത്ത് വീടുണ്ടാക്കി മാറി. ഇവിടേക്ക് ആരെങ്കിലും വരുന്നത് സന്ധ്യയ്ക്ക് ഇഷ്ടമായിരുന്നില്ല. കുട്ടികൾ മറ്റുള്ളവരുമായി ഇടപഴകുന്നതും സമ്മാനങ്ങളും ഭക്ഷണവും വാങ്ങുന്നതും വിലക്കിയിരുന്നു.
കൂട്ടുകുടുംബം പോലെ താമസിക്കുന്ന ഭർതൃവീട്ടുകാർ ഇതൊക്കെ അവഗണിച്ച് കല്യാണിയെ ലാളിച്ചു. ഭർതൃമാതാവും സന്ധ്യയുമായി വഴക്ക് പതിവായിരുന്നു. മക്കളോടും വാത്സല്യം കാണിക്കുന്ന പതിവ് സന്ധ്യയ്ക്കില്ല.
മറ്റുള്ളവരെ അറിയിക്കാതെ കുട്ടികളുമായി കുറുമശേരിയിലെ സ്വന്തം വീട്ടിലേക്ക് സന്ധ്യ പോകാറുമുണ്ട്. കഴിഞ്ഞ മാർച്ചിൽ ഇങ്ങനെ പോയപ്പോൾ ഐസ് ക്രീമിൽ വിഷം ചേർത്ത് മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് സന്ധ്യയുടെ വീട്ടുകാർ അറിയിച്ചതായി സുഭാഷിന്റെ ബന്ധുക്കൾ പറഞ്ഞു. അന്ന് മക്കളെ ടോർച്ചിന് അടിക്കുകയും ചെയ്തു. മകൻ കാശിനാഥിന്റെ കഴുത്തിന് ചെറിയ പരിക്കുണ്ടായി.
അടുത്തിടെ ഭർതൃവീട്ടിലെ ആവശ്യത്തിനെന്ന് പറഞ്ഞ് സന്ധ്യ സ്വന്തം വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതറിഞ്ഞ് ഭാര്യവീട്ടുകാരെ സുഭാഷ് വിളിച്ചുവരുത്തി. പണം തങ്ങളാരും ഉപയോഗിച്ചിട്ടില്ലെന്ന് അറിയിച്ചു. ഇക്കാര്യത്തിൽ വ്യക്തമായ മറുപടിയും സന്ധ്യയ്ക്കുണ്ടായിരുന്നില്ല. ഈ സാഹചര്യങ്ങളാകാം കുഞ്ഞിനെ ഇല്ലാതാക്കുന്നതിലേക്ക് നയിച്ചതെന്ന് പൊലീസ് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |