കാസർകോട്: കണ്ണൂർ സർവകലാശാലയിലെ ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിൽ ഉദുമ പാലക്കുന്ന് ഗ്രീൻവുഡ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പി. അജീഷിനെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു. കോളേജ് അധികൃതർക്ക് വീഴ്ച സംഭവിച്ചെന്നും കണ്ടെത്തി. ചോദ്യപേപ്പർ വാട്സ്ആപിലൂടെയാണ് കൈമാറിയത്.
വിദ്യാഭ്യാസത്തിന്റെ പവിത്രതയ്ക്കും കോളേജിന്റെ സൽപ്പേരിനും കളങ്കം വരുത്തിയതിനാണ് നടപടിയെന്നും കേസിലെ ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ബുധനാഴ്ച അദ്ധ്യാപക രക്ഷാകർതൃ സമിതി യോഗം വിളിച്ചുചേർക്കും.
പാലക്കുന്ന് കോളേജിലെ അദ്ധ്യാപകർക്ക് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധമുണ്ടെന്ന് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് നിയോഗിച്ച ഉപസമിതി കണ്ടെത്തിയിരുന്നു. ഏപ്രിൽ രണ്ടിന് നടന്ന അവസാന വർഷ പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചത്. സമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് വൈസ് ചാൻസലർ ബേക്കൽ പൊലീസിൽ പരാതി നൽകി. മാർച്ച് 18 മുതൽ ഏപ്രിൽ രണ്ടുവരെയാണ് ബി.സി.എ ആറാം സെമസ്റ്റർ പരീക്ഷ നടന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ബേക്കൽ പൊലീസ് കേസെടുത്തത്.
നടപടിയെടുക്കണം:
എസ്. എഫ്. ഐ
ചോദ്യപേപ്പർ ചോർച്ചയിൽ അദ്ധ്യാപകർക്കെതിരെ കർശനനടപടി എടുക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ പാതയിൽ മുന്നേറുമ്പോൾ ചോദ്യപ്പേർ ചോർന്നത് അംഗീകരിക്കാനാവില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ കോളേജിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ഋഷിത സി. പവിത്രനും സെക്രട്ടറി കെ. പ്രണവും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |