കൊച്ചി: കോൺഗ്രസിന്റെ പ്രവർത്തനം ജനങ്ങളെ ആശ്രയിച്ചാണെന്നും പാർട്ടിക്ക് പണം നൽകാൻ അദാനിമാരില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. കെ.പി.സി.സി. നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാനി കുംഭകോണമാണ് രാജ്യം ഇപ്പോൾ ചർച്ച ചെയ്യുന്നത്. രാഹുൽ ഗാന്ധി ഒമ്പത് വർഷമായി പറയുന്ന കാര്യങ്ങളാണ് ഇതെല്ലാം.ഓഹരി വിപണി തകർക്കുന്നത് അദാനിയാണ്. എൽ.ഐ.സിയിലും എസ്.ബി.ഐയിൽനിന്നും പണം വാരിക്കോരി അദാനിക്ക് നൽകുകയായിരുന്നു. അദാനിയുടെ ഷെൽ കമ്പനികളിലെ നിക്ഷേപങ്ങളുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് അന്വേഷണം വേണം - അദേഹം പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി.സതിശീൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ഹാഥ് സേ ഹാഥ് ജോഡോ കാമ്പെയിനും 138 രൂപ ചലഞ്ചും വിജയിപ്പിക്കാൻ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ചെയർമാനായും ജനറൽ സെക്രട്ടറി പഴകുളം മധു കൺവീനറായുമുള്ള ഉപസമിതി രൂപീകരിച്ചു.
• 138 രൂപ ചലഞ്ചിന് തുടക്കം
കോൺഗ്രസിന്റെ 138-ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ ഫണ്ട് ശേഖരണത്തിനുള്ള 138 രൂപ ചലഞ്ച് 13,938 രൂപ നൽകി കെ.സി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. KPCC138 എന്ന മൊബൈൽ ആപ്പിലൂടെയാണ് കളക്ഷൻ. മാർച്ച് 26 വരെയാണ് കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |