തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന് പിന്നാലെ പുതുക്കിയ കീം റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ മാറ്റമാണ് പുതിയ പട്ടികയിൽ ഉണ്ടായത്. കേരള സിലബസിലുള്ള കുട്ടികൾ പുതിയ പട്ടികയിൽ പിന്നിലായി. ആദ്യ 100 റാങ്കിൽ 21 പേർ മാത്രമാണ് കേരള സിലബസിൽ നിന്നുള്ളത്. ഒന്നാം റാങ്കിലടക്കമാണ് മാറ്റമുണ്ടായിരിക്കുന്നത്. കവടിയാർ സ്വദേശി ജോഷ്വാ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. പഴയ ലിസ്റ്റിൽ ജോൺ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയിൽ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്.
കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീലിന് പോകില്ലെന്നും പുതുക്കിയ റാങ്ക് ലിസ്റ്റ് വ്യാഴാഴ്ച തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി ആർ. ബിന്ദു നേരത്തെ അറിയിച്ചിരുന്നു. പഴയ പ്രോസ്‌പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നതെന്നും എത്രയും പെട്ടെന്ന് ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പറയാനാകില്ലെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.
പഴയ മാനദണ്ഡത്തിൽ നീതികേടുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ബദൽ കണ്ടെത്താൻ ശ്രമിച്ചത്. അത് തെറ്റാണെന്നല്ല മറിച്ച് പ്രോസ്‌പെക്ടസിൽ മാറ്റം വരുത്തിയ സമയം ശരിയല്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. യഥാർഥത്തിൽ പ്രോസ്‌പെക്ടസിൽ ഏതു സമയത്തും മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ട്. പക്ഷേ കോടതിവിധി അംഗീകരിക്കുകയാണ്. എഐസിടി പ്രവേശനത്തിന് അവസാനതിയതി പറഞ്ഞിരിക്കുന്നത് ഓഗസ്റ്റ് 14 ആണ്. അതിനു മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ആ സാഹചര്യത്തിൽ കഴിഞ്ഞവർഷം വരെ തുടർന്ന പ്രക്രിയ തന്നെ തുടരും.' മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |