തിരുവനന്തപുരം: കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നും കെ.ടി.ഡി.എഫ്.സിയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ ഡോ. ബി. അശോക് നിയമനടപടിക്ക്. സ്ഥലം മാറ്റത്തിലെ ചട്ട ലംഘനങ്ങൾ ചോദ്യം ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകും .
നേരത്തെ തദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷൻ അദ്ധ്യക്ഷനായി നിയമിച്ചപ്പോൾ കോടതിയിൽ പോയി സർക്കാരിനെതിരെ ഉത്തരവ് വാങ്ങുകയും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുകയും ചെയ്തിരുന്നു. സമാനരീതിയിലാണ് ഇപ്പോഴത്തെയും സ്ഥലംമാറ്റം. നിയമനടപടിക്ക് ഒരുങ്ങുന്നതിനാൽ പുതുതായി ലഭിച്ച കെ.ടി.ഡി.എഫ്.സി യിലെ സി.എം.ഡി സ്ഥാനം അദ്ദേഹം ഏറ്റെടുത്തിട്ടില്ല.
സെപ്തംബർ 8 വരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണൽ അവധിയായതിനാൽ സ്ഥലം മാറ്റം സംബന്ധിച്ച് പരാതി പരിഗണിക്കുന്നത് വൈകുമെന്ന സാങ്കേതികത്വം കണക്കാക്കിയാണ് അശോകിനെ ശനിയാഴ്ച രാത്രിയിൽ സ്ഥലം മാറ്റിയത്. പകരം ചുമതല നൽകിയ ടിങ്കു ബിസ്വാൾ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാർഷികോത്പാദന കമ്മിഷണർ എന്നീ സ്ഥാനങ്ങളിൽ ചുമതലയേൽക്കുകയും ചെയ്തിരുന്നു. ഗതാഗത വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനവും ടിങ്കു ബിസ്വാളിനാണ്. ഇതേ വകുപ്പിന് കീഴിലെ സ്ഥാപനമാണ് കെ.ടി.ഡി.എഫ്.സി.
ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ അശോകിനെ സ്ഥലം സെക്രട്ടേറിയറ്റിൽ നിന്നും മാറ്റിയതിനെതിരെ ഐ.എ.എസുകാരിൽ ഒരുവിഭാഗം കടുത്ത അമർഷത്തിലാണ്.
കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച് 'മാദ്ധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം കൃഷി വകുപ്പ് അന്വേഷണം നടത്തിരുന്നു. ഡോ. ബി. അശോകിനായിരുന്നു അന്വേഷണ ചുമതല. മുഖ്യമന്ത്രിയുടെ ഓഫീസ്, കൃഷിവകുപ്പിൽ നടത്തിയ അനധികൃത ഇടപെടൽ അന്വേഷണത്തിൽ അശോക് കണ്ടെത്തിയിരുന്നു. ലോക ബാങ്ക് കൃഷിവകുപ്പിലേക്ക് അയച്ച ഇ മെയിലിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തിയെന്നായിരുന്നു അശോകിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. ഐ.ടി. നിയമം അനുസരിച്ച് അന്വേഷിക്കാവുന്ന കുറ്റമാണിതെന്നും കൃഷി മന്ത്രി പി. പ്രസാദിന് അദ്ദേഹം റിപ്പോർട്ട് നൽകിയിരുന്നു. മാദ്ധ്യമങ്ങളിൽ വാർത്ത ചോർന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അടിയന്തര മാറ്റം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |